SHARE

കേരളം അവസാനമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നത് 2014 ഒക്ടോബർ 8 -ആം തീയതിയാണ്. അന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റിൻഡീസിനെ നേരിട്ട ഇന്ത്യയെ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു.

ഡേ നൈറ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് മർലോൺ സാമുവൽസിന്റെ സെഞ്ചുറിക്കരുത്തിൽ 321 റൺസാണ് അടിച്ച് കൂട്ടിയത്. ഇന്ത്യയുടെ വിജയം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ അറുപതിനായിരത്തോളം ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് കൊണ്ട് ഇന്ത്യ മത്സരത്തിൽ 124 റൺസിന്റെ വൻ തോൽ വി ഏറ്റ് വാങ്ങുകയായിരുന്നു.

116 പന്തുകളിൽ നിന്ന് 126 റൺസ് നേടി പുറത്താകാതെ നിന്ന മർലോൺ സാമുവൽസിന്റെയും 61 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് രാംദിന്റെയും കരുത്തിലാണ് വിൻഡീസ് വൻ സ്കോറിലെത്തിയത്.ഇന്ത്യൻ ടീമിൽ നാല് വിക്കറ്റുമായി മൊഹമ്മദ് ഷമി മികച്ചു നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റു പോവാതെ 49 റൺസ് വരെ എത്തിയെങ്കിലും പിന്നീട് കളി കൈയ്യിൽ നിന്ന് പോവുകയായിരുന്നു. രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായ സൂപ്പർ താരം വിരാട് കോഹ്ലിയും കാണികളെ നിരാശരാക്കിയപ്പോൾ 68 റൺസെടുത്ത ഓപ്പണർ ശിഖർ ധവാനായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ.

അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് കാണികളുടെ കൂക്ക് വിളി ഏൽക്കേണ്ടി വന്നതും ആ മത്സരത്തിന്റെ നിറം കെടുത്തുന്നു. 21 പന്തിൽ നിന്ന് 8 റൺസ് മാത്രമെടുത്ത് പുറത്തായ ധോണിയുടെ മെല്ലപ്പോക്ക് ഇന്നിംഗ്സാണ് കാണികളെ ചൊടിപ്പിച്ചത്. ആരു മറന്നാലും കേരളത്തിലെ അവസാന മത്സരം ധോണി മറക്കാൻ വഴിയില്ല.

ധോണി മറക്കാൻ മാത്രം ആഗ്രഹിക്കുന്ന കളിയായിരിക്കും വെസ്റ്റിൻഡീസിനെതിരെ കൊച്ചിയിലത്തേത്

 

അന്ന് ക്യാപ്റ്റനായിരുന്നെങ്കിൽ ഇന്ന് അത്തരം സമ്മർദങ്ങളൊന്നുമില്ലാതെയാണ് ധോണി കേരളത്തിൽ എത്തിയിരിക്കുന്നത്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് കഴിഞ്ഞ തവണ കളിയാക്കിയ കേരളക്കരയോട് മധുര പ്രതികാരം ചെയ്യാൻ കൂടിയാവും ധോണി ഇന്ന് കളിക്കാനിറങ്ങുക. കൊച്ചിയിൽ കൂവിയ അതേ കാണികളെക്കൊണ്ട് തന്നെ തിരുവനന്തപുരത്ത് കൈയ്യടിപ്പിക്കാനും ഈ മനുഷ്യന് കഴിയും. കാരണം അയാളുടെ പേരു മഹേന്ദ്ര സിംഗ് ധോണി എന്നാണ്.