SHARE

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ നടത്തപ്പെടുന്നത് വലിയ സുരക്ഷയൊരുക്കിയാണ്. എന്നാല്‍ കഴിഞ്ഞദിവസം ബാഴ്‌സലോണ- ഒളിമ്പിയക്കോസ് മത്സരത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. മത്സരത്തിനിടെ ഒളിമ്പിയക്കോസ് ആരാധകന്‍ ഗ്രൗണ്ടിലെത്തി ലയണല്‍ മെസിയെ കെട്ടിപ്പിടിക്കുകയും ഒപ്പംനിന്നു ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ ആരും അയാളെ തടഞ്ഞതു പോലുമില്ല. ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയതും സെക്യൂരിറ്റിക്കാര്‍ തടയാതെ കൈയുംകെട്ടി നിന്നതും യുവേഫയെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മെസിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ.

രണ്ടാം പകുതിയിലും സമാനമായ അവസ്ഥയുണ്ടായി. ഗ്രൗണ്ടിലെത്തിയ മറ്റൊരു ആരാധകനും മെസിയെ കെട്ടിപ്പിടിച്ചു. സാധാരണ ഇത്തരത്തില്‍ കാണികള്‍ ഗ്രൗണ്ടിലിറങ്ങാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കാറുള്ളത്. എന്നാല്‍ എന്തുകൊണ്ടാണ് ആരാധകനെ തടയാതിരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

-Advertisement-

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സയെ ഒളിമ്പിയാക്കോസ് സമനിലയില്‍ തളച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ബാഴ്‌സ ഏതെങ്കിലുമൊരു ടീമിനോട് ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍രഹിത സമനില വഴങ്ങുന്നത്. ലയണല്‍ മെസിയും ലൂയിസ് സുവരാസും തീര്‍ത്തും നിറംമങ്ങിയ മത്സരം ആരാധകര്‍ക്കും നല്ല ഓര്‍മകളല്ല സമ്മാനിച്ചത്.