SHARE

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയർ ജയിച്ചത്.

പത്തൊൻപതാം മിനുറ്റിൽ കെവിൻ ഡിബ്രൂയിനിലൂടെയാണ് സിറ്റി ഗോൾ വേട്ട തുടങ്ങിയത്. തുടർന്ന് അൻപതാം മിനുറ്റിലെ സെർജിയോ അഗ്യൂറോയുടെ ഗോൾ ടീമിനെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു. അറുപത്തിയഞ്ചാം മിനുറ്റിൽ ലകസെറ്റയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച ആഴ്സനൽ മത്സരത്തിലേക്ക് തിരിച്ച് വരുമെന്ന് തോന്നിപ്പിച്ചെങ്കിലും എഴുപത്തിനാലാം മിനുറ്റിൽ ഗബ്രിയേൽ ജീസസിലൂടെ മൂന്നാം ഗോൾ നേടിയ സിറ്റി, ഗണ്ണേഴ്സിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം നിഷേധിക്കുകയായിരുന്നു.

കളിയുടെ എല്ലാ മേഖലയിലും മികച്ചു നിന്ന ഗാർഡിയോളയും സംഘവും തന്നെയാണ് പ്രീമിയർ ലീഗിലും പോയിന്റ് പട്ടികയിലും മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി 8 പോയിന്റ് വ്യത്യാസമാണ് സിറ്റിക്കുള്ളത്.