SHARE

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പര ചരിത്രമാണ്. പഴയ വീറും വാശിയുമൊന്നുമില്ലെങ്കിലും ഇന്നും ആഷസ് പരമ്പരയ്ക്ക് അതിന്റെ പ്രൗഢിയും ഗാംഭീര്യവും നഷ്ടമായിട്ടില്ല. നവംബര്‍ 23ന് ഓസ്ട്രേലിയയിലെ ബ്രിസ്‌ബേനില്‍ ആഷസ് പരമ്പര തുടങ്ങും.

ആഷസിനെ കുറിച്ച ചില രസകരമായ കാര്യങ്ങള്‍ ഇതാ…

*വെറും പതിനൊന്ന് സെന്റീമീറ്റര്‍ മാത്രമാണ് ആഷസ് ട്രോഫിയുടെ ഉയരം. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയട്രോഫിയാണിത്. ആഷസ് ട്രോഫി ഉയര്‍ത്തിയ ഏറ്റവും ഉയരമുള്ള കളിക്കാര്‍ ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്നും, ഓസ്‌ട്രേലിയയുടെ ബ്രൂസ് റീഡുമാണ്. ആറ് അടി എട്ട് ഇഞ്ചാണ് ഇരുവരുടേയും ഉയരം.

* പരമ്പര ആര് ജയിച്ചാലും ആഷസ് ട്രോഫി ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലെ മ്യൂസിയത്തില്‍ തന്നെ ഉണ്ടാകും. പരമ്പര നേടിയ രാജ്യത്തോടൊപ്പം സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ 1882-മുതല്‍ ആഷസ് ട്രോഫി ഇതുവര രണ്ടര ലക്ഷത്തിലേറ മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടാകും.

*1975- ലോര്‍ഡ്‌സ് ടെസ്റ്റാണ് ആഷസിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയില്‍ നടന്ന മത്സരം. 34 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നത്തെ ചൂട്.

*ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ നൂറ് റൺസ് തികച്ചത് മൂന്ന് പേര്‍ മാത്രമാണ്. അതില്‍ ഒരാള്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണ്. 1930-ല്‍. ഉച്ചഭക്ഷണത്തിന് മുന്‍പ് അഞ്ച് വിക്കറ്റ് നേടിയത് രണ്ട് പേര്‍ മാത്രം.ഇത് 1900-ത്തിന് മുന്‍പാണ്.

ഉച്ചഭക്ഷണത്തിന് മുൻപ് നൂറു റൺസ് തികച്ചവരിൽ ഒരാൾ സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ്.

 

*1930,34 പരമ്പരകളില്‍ ഓസ്‌ട്രേലിയ വിജയം നേടിയ ദിവസം ഓഗസ്റ്റ് 22 ആണ്. അവരുടെ നായകന്‍ ബില്‍ വുഡ്ഫുള്ളിന്റെ ജന്മദിനം അതേദിവസമായത് യാദൃശ്ചികം മാത്രം.

*ആഷസ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് രണ്ട് പേരാണ്. 1892-ല്‍ സിഡ്‌നിയില്‍ ഇംഗ്ലണ്ടിന്റെ വില്ല്യം അറ്റ്വെലും. 2010-ല്‍ അഡ്‌ലെയിഡില്‍ ഓസ്‌ട്രേലിയയുടെ റയാൻ ഹാരിസും.

2010 ൽ അഡലെയ്ഡിൽ നടന്ന മത്സരത്തിൽ റയൻ ഹാരിസ് രണ്ടിന്നിംഗ്സുകളിലും ആദ്യ പന്തിൽ പുറത്തായി.

 

* ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകളില്‍ നിന്ന് അമ്പത് വയസ്സിന് ശേഷം ആഷസ് കളിച്ച ഒരോരുത്തര്‍ വീതമുണ്ട്. ഇംഗ്ലണ്ടിന്റെ ഡബ്ല്യൂ ജി ഗ്രേസും ഓസ്‌ട്രേലിയയുടെ ബ്രെറ്റ് അയമോംഗറും.

*ആഷസില്‍ ഏറ്റവുമധികം സിക്‌സ് അടിച്ചിരിക്കുന്നത് ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനാണ്. 24 സിക്‌സ്. 38 ടെസ്റ്റ് ആഷസ് ടെസ്റ്റ് കളിച്ച ജെഫ് ബോയ്‌ക്കോട്ട് ഒറ്റ തവണ പോലും സിക്‌സ് അടിച്ചിട്ടില്ല.

ആഷസിലെ സിക്സടി വീരൻ കെവിൻ പീറ്റേഴ്സണാണ്.

 

*ടോസ് കിട്ടി ബൗളിങ് തിരഞ്ഞെടുത്ത് അഞ്ച് ടെസ്റ്റുകളിലാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇത് അഞ്ചും ഇിങ്‌സ് വിജയങ്ങളാണ്.

*1963-ലെ ടെസ്റ്റില്‍ ആദ്യ റൺ കുറിക്കാന്‍ ഇംഗ്ലണ്ട് താരം ജോൺ മറെയ്ക്ക വേണ്ടി വന്നത് 80 പന്തുകളാണ്.

*ആഷസില്‍ ഒരു ഇിന്നിങ്‌സില്‍ ഏറ്റവുമധികം ഫോര്‍ അടിച്ചതിന്റെ റെക്കോര്‍ഡ് ഡോണാള്‍ഡ് ബ്രാഡ്മാനാണ്. 1930-ല്‍ ഹെഡിങ്‌ലിയില്‍ 46 ഫോറുകളാണ് അദ്ദേഹം നേടിയത്. ഇംഗ്ലണ്ട് താരങ്ങളില്‍ ഇന്നിങ്‌സില്‍ ഏറ്റവുമധികം ഫോറിന്റെ റെക്കോര്‍ഡ് നാസര്‍ ഹുസൈനാണ്. 1997-ലെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റില്‍ 38 ഫോറുകളാണ് ഹുസൈന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

*1966-ലെ മെല്‍ബൺ ടെസ്റ്റില്‍, ട്രിപ്പിൾ സെഞ്ച്വറി നേടിയ ബോബ് കൗപർ ഇന്നിങ്സില്‍ 26 തവണയാണ് ‘മൂന്ന് ‘ ഓടിയെടുത്തത്.