SHARE

കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു തിരുവനന്തപുരം ട്വന്റി-20. നിര്‍ണായകമായ അവസാന ഓവര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആര്‍ക്കു നല്കുമെന്നായിരുന്നു ഏവര്‍ക്കും സംശയം. കമന്റേറ്റര്‍മാര്‍ സ്പിന്നര്‍മാരെ പന്തേല്പിക്കുന്നതാകും ഉചിതമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ കോഹ്ലി ചിന്തിച്ചത് മറ്റൊരു തരത്തിലും. തന്നിലേല്പിച്ച വിശ്വാസം ഹര്‍ദിക് പാണ്ഡ്യ കാത്തുസൂക്ഷിക്കുകയും ചെയ്തു.

മത്സരശേഷം വേദന നിറഞ്ഞ വിജയത്തെപ്പറ്റി പാണ്ഡ്യ മനസു തുറക്കുകയും ചെയ്തു. എട്ടാം ഓവറിലെ രണ്ടാംപന്തില്‍ പാണ്ഡ്യയുടെ കൈയ്ക്കു പരിക്കേറ്റിരുന്നു. ടീം ഫിസിയോ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൗണ്ടിലെത്തി വേദനസംഹാരി നല്കിയശേഷമാണ് താരം ഓവര്‍ പൂര്‍ത്തിയത്. നിര്‍ണായകമായ ഓവറിനെക്കുറിച്ച് പാണ്ഡ്യ പറയുന്നതിങ്ങനെ- അവസാന ഓവര്‍ എറിയേണ്ടത് ഞാനാകുമെന്ന് ഏഴാം ഓവറില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ മാനസികമായി തയാറെടുക്കാന്‍ സാധിച്ചു.

സ്പിന്നര്‍മാരെക്കാള്‍ കൂടുതല്‍ അവസാന ഓവര്‍ ഫാസ്റ്റ് ബൗളര്‍മാര്‍ എറിയുന്നതായിരുന്നു നല്ലത്. സമ്മര്‍ദത്തിനടിപ്പെടരുതെന്ന് ഞാന്‍ മനസില്‍ പറയുന്നുണ്ടായിരുന്നു. പിന്നെ പ്രതിരോധിക്കാന്‍ അവസാന ഓവറില്‍ കൂടുതല്‍ റണ്‍സുണ്ടായിരുന്നതുകൊണ്ട് ഒന്നോ രണ്ടോ കൂറ്റനടികള്‍ കിട്ടിയാലും പേടിക്കേണ്ടിയിരുന്നില്ല- പാണ്ഡ്യ വേദനയ്ക്കിടെയിലൂം സന്തോഷം മറച്ചുവയ്ക്കുന്നില്ല.