SHARE

ദിവസങ്ങള്‍ മാത്രമാണ് നാലാം ഐഎസ്എല്‍ സീസണിലേക്കുള്ള ദൂരം. എല്ലാ ടീമുകളും കടുത്ത പരിശീലനത്തിലാണ്. സ്‌പെയിനിലെ അത്യാധുനിക പരിശീലന കേന്ദ്രത്തിലെ ഒരുക്കങ്ങള്‍ക്കുശേഷം ടീം കേരളത്തിലെത്തിയിരിക്കുന്നു. ഇത്തവണ സീസണ്‍ തുടങ്ങുംമുമ്പേ ആരാധകരുടെയെല്ലാം മനസു നിറയ്ക്കാന്‍ മഞ്ഞപ്പടയ്ക്കായി. ചിട്ടയായ ഒരുക്കം, ശ്രദ്ധയോടെയുള്ള ടീം തെരഞ്ഞെടുപ്പ്. കൂടുതല്‍ മലയാളി താരങ്ങള്‍. പിന്നെ മാനേജ്‌മെന്റിന്റെ പ്രെഫഷണല്‍ സമീപനവും. നാലാം സീസണിലെ കിരീട സാധ്യതക്കാരില്‍ എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് മുന്നിലെന്ന് പരിശോധിക്കാം.

മുന്നേറ്റത്തില്‍ സിഐഡി

ആവേശം കൊള്ളിച്ചിരുന്ന എംഎസ്എന്‍ സഖ്യത്തെ പോലെ മഞ്ഞപ്പടയ്ക്കും ലഭിച്ചിരിക്കുന്നു ഒരു കൂട്ടുകെട്ട്. വിനീത്-ഹ്യൂം- ബെര്‍ബറ്റോവ് ത്രയം ഈ സീസണിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരയാണ്. ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരിലെ വമ്പനാണ് വിനീത്. ഏതു പൂട്ടും നിക്ഷ്പ്രയാസം മറികടക്കും. മധ്യനിര പന്തെത്തിക്കുന്നതില്‍ പിശുക്ക് കാണിക്കാതിരുന്നാല്‍ സി.കെയുടെ കാലുകള്‍ കൊള്ളിയാന്‍ പായിക്കുമെന്നുറപ്പ്. കൂട്ടിനുള്ള ഹ്യൂം മൈതാനത്ത് പ്രസരിക്കുന്ന വൈദ്യുത തരംഗം തന്നെയാണ്. ഹ്യൂമിന്റെ ആവേശം മാത്രം മതി എതിരാളികളെ ഭയപ്പെടുത്താന്‍. കൂട്ടിന് ഇതിഹാസ താരം ബെര്‍ബറ്റോവ് കൂടിയെത്തുന്നതോടെ മഞ്ഞപ്പട ടോപ് ഗിയറിലാകും.

കടുകട്ടി പ്രതിരോധം

എല്ലാ സീസണിലും ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് പിഴയ്ക്കാത്ത പ്രതിരോധമാണ്. ആരോണ്‍ ഹ്യൂസും വല്യേട്ടനും ഇല്ലെങ്കിലും മോശമല്ല ഇത്തവണയും മോശമല്ല. ആരെയും പിടിച്ചുകെട്ടുന്ന സന്ദേശ് ജിംഗനെന്ന പടനായകന്‍ തികഞ്ഞ തയാറെടുപ്പിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പഴയ പടക്കുതി വെസ് ബ്രൗണിന്റെ സാന്നിധ്യവും കരുത്താകും. ഒപ്പം നമ്മുടെ സ്വന്തം റിനോ ആന്റോയും ചേരുമ്പോള്‍ കരുത്തു കൂടുമെന്ന് ചുരുക്കം.

മ്യൂളന്‍സ്റ്റീനിന്റെ തന്ത്രങ്ങള്‍

യുണൈറ്റഡിനെ കളി പഠിപ്പിച്ച റെനേച്ചായന്റെ ജാലവിദ്യയാണ് മഞ്ഞപ്പടയുടെ മറ്റൊരു പ്ലസ് പോയിന്റ്. ശരാശരി താരങ്ങളെ പോലും സമര്‍ഥമായി വിനിയോഗിക്കുന്നതില്‍ ഈ കളിയാശാന്‍ കേമനാണ്. താന്‍ പരിശീലിപ്പിച്ച പല താരങ്ങളും ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. കോച്ചിന്റെ മനസറിയുന്ന താരങ്ങളായതുകൊണ്ട് ഗ്രൗണ്ടില്‍ കൂടുതല്‍ യോജിപ്പോടെ കളിക്കാന്‍ മഞ്ഞപ്പടയ്ക്കാകും. എല്ലാ ഘടകങ്ങളും അനുകൂലമായി വരുന്നതോടെ കപ്പടിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകരും. ഇനി ദിവസങ്ങള്‍ മാത്രം, നമ്മുക്കും കാത്തിരിക്കാം. കലിപ്പടക്കി കൊമ്പന്മാര്‍ കപ്പടിക്കുന്നതിനായി.