SHARE

എഎഫ്‌സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് തുര്‍ക്ക്‌മെനിസ്ഥാനെ നേരിടും. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ യെമനുമായി സമനില പിടിക്കുകയും ചെയ്ത ഇന്ത്യ ഇനി പ്രധാന ടൂര്‍ണമെന്റിന് യോഗ്യത നേടില്ല. അണ്ടര്‍ 17 ലോകകപ്പിലെ അധികം താരങ്ങളുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്.

ആദ്യ മത്സരത്തില്‍ ശക്തരായ സൗദി അറേബ്യയോട് എതിരില്ലാത്ത അഞ്ചുഗോളിനായിരുന്നു ഇന്ത്യ തോറ്റത്. മലയാളി താരം കെ.പി. രാഹുല്‍ ആദ്യ ഇലവനില്‍ നന്നായി കളിക്കുകയും ചെയ്തു. രണ്ടാംപകുതിയില്‍ വീണ നാലു ഗോളുകളാണ് സൗദിക്കെതിരേ ടീമിന് വിനയായത്. കളിക്കാര്‍ ക്ഷീണിതരായതും സൗദി മുന്നേറ്റത്തിന്റെ കരുത്തും യുവനിരയെ തളര്‍ത്തി.

എന്നാല്‍ രണ്ടാം മത്സരത്തില്‍ യെമനെ തളക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മത്സരത്തില്‍ യെമന്റെ ആധിപത്യമായിരുന്നു. എന്നാല്‍ ഗോളി ധീരജും പ്രതിരോധ നിരയും യെമന്റെ നീക്കങ്ങള്‍ തടഞ്ഞു. ധീരജ് ഒട്ടേറെ ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ രക്ഷപ്പെടുത്തി. ഇന്ന് തുര്‍ക്ക്‌മെനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഒരു വിജയവുമായി മടങ്ങാം.