SHARE

കനത്ത മഴ വില്ലനായെത്തിയിട്ടും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കാനായ കേരള ക്രിക്കറ്റ് അസോസിയേഷന് ആശ്വസിക്കാം. നല്ല നടത്തിപ്പിന്റെ പേരില്‍ ബിസിസിഐയുടെ പ്രശംസയും സംഘാടകര്‍ക്ക് ലഭിച്ചു. ആദ്യമായെത്തിയ രാജ്യാന്തര മത്സരം വിജയകരമായി സംഘടിപ്പിച്ചതോടെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിന്റെ അടുത്തലക്ഷ്യം ഐപിഎല്ലാണ്. 2018 സീസണില്‍ കുറച്ചു മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ കെസിഎ ഭാരവാഹികള്‍ നേരത്തെ തന്നെ ശ്രമമാരംഭിച്ചിരുന്നു.

പുതിയ സാഹചര്യത്തില്‍ ഐപിഎല്‍ ഗവേര്‍ണിംഗ് ബോഡിയുടെ ഗ്രീന്‍സിഗനല്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്ത സീസണില്‍ രണ്ടു ടീമുകള്‍ തങ്ങള്‍ ഹോംഗ്രൗണ്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കിംഗ് ഇലവന്‍ പഞ്ചാബും വിലക്കിനുശേഷം തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സുമാണ് ആ ടീമുകള്‍. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതാണ് പ്രീതി സിന്റയുടെ ടീമിന്റെ പരാതി. ഗേറ്റ് കളക്ഷനിലും വലിയ ഇടിവാണ് മൊഹാലിയില്‍ കളിക്കുന്ന ടീമിനുള്ളത്. ടിക്കറ്റ് വില്പനയിലൂടെ കൂടുതല്‍ വരുമാനം ലഭിക്കുന്ന സ്റ്റേഡിയത്തിലേക്ക് ഹോംഗ്രൗണ്ട് മാറ്റാന്‍ അവരെ ചിന്തിപ്പിക്കുന്നതും ഇതുതന്നെ.

തിരുവനന്തപുരത്ത് കൂടുതല്‍ പേര്‍ക്ക് കളി കാണാമെന്നതും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കേണ്ടെന്ന പ്ലസ് പോയിന്റും കിംഗ്‌സ് ഇലവനെ ഇങ്ങോട്ട് ആകര്‍ഷിക്കും. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ ഹോംഗ്രൗണ്ട് തേടുന്നതിനു പിന്നിലെ കാരണം. എന്തായാലും മലയാളികള്‍ക്ക് തലസ്ഥാനത്ത് ഐപിഎല്‍ കാണാനാകുമെന്ന പ്രതീക്ഷ തന്നെയാണ് കെസിഎ ഭാരവാഹികളും പങ്കുവയ്ക്കുന്നത്.