SHARE

കേരളത്തിലെ കൗമാര പ്രതിഭകള്‍ക്കായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഏറ്റവും വലിയ ടൂര്‍ണമെന്റ് ഒരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍, എറ്റേണല്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അണ്ടര്‍ 15 ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് പാരഗണ്‍ സ്റ്റിമുലസ് കെസിഎ കപ്പ് 2017 ഈ മാസം 18ന് ആരംഭിക്കും. 14 ജില്ലകളില്‍ നിന്നുള്ള 224 സ്‌കൂളുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ജില്ലാതലത്തില്‍ നോക്കൗട്ട് അടിസ്ഥാനത്തിലാണ് ആദ്യഘട്ട മല്‍സരങ്ങള്‍. കഴിഞ്ഞ വര്‍ഷം ആയിരത്തിലേറെ സ്‌കൂളുകള്‍ പങ്കെടുത്ത കെസിഎ ടൂര്‍ണമെന്റില്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തിയ സ്‌കൂളുകളെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. കെസിഎ ഗ്രൗണ്ടുകളിലായിരിക്കും ജില്ലാതല മല്‍സരങ്ങള്‍. ജില്ലാതലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ടു ടീമുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും രണ്ടാംഘട്ട മല്‍സരങ്ങള്‍.

സെമിഫൈനല്‍ തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നടക്കും. വിജയികള്‍ക്കും മികച്ച കളിക്കാര്‍ക്കും കെസിഎയുടെ ട്രോഫിയും മറ്റു പുരസ്‌കാരങ്ങളും ലഭിക്കും. ഡിസംബര്‍ ഏഴിന് നടക്കുന്ന ഫൈനല്‍ മത്സരം തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബിലാണ് നടക്കുക. സഞ്ജു സാംസണാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികളും ഉപഹാരങ്ങളും സമ്മാനിക്കും. യുവ കളിക്കാര്‍ക്ക് ലോകത്തിന് മുന്നില്‍ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയാകും പാരഗണ്‍ സ്റ്റിമുലസ് കെസിഎ കപ്പെന്ന് ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സഞ്ജു സാംസണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന് വേണ്ടി കളിക്കാനുള്ള അവസരത്തിന്റെ ആദ്യ പടിയാകുമിതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ടൂര്‍ണ്ണമെന്റിന്റെ ജേഴ്‌സി സഞ്ജു സാംസണ്‍ പുറത്തിറക്കി