SHARE

ഒരു ബൗളറെ സംബന്ധിച്ചു തന്റെ പന്ത് ബാറ്റ്സ്‌മാന്റെ പ്രതിരോധം തകർത്ത്, സ്റ്റംപ്സ് ഇളക്കുന്ന കാഴ്ചയിലും മനോഹരം മറ്റൊന്നില്ല. പൂർണമായും ബാറ്റ്സ്‌മാനു മുകളിൽ ആധിപത്യം നേടിയതിനു തുല്യമാണത്. ടെസ്റ്റ് ക്രിക്കറ്റ് എന്നത് ഒരു ബാറ്സ്മാനെ സംബന്ധിച്ചു അയാളുടെ ടെക്‌നിക്ക് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ്. സച്ചിൻ, കാലിസ്, ദ്രാവിഡ്, ലാറ, പോണ്ടിങ്, എന്നിവരെല്ലാം അവരുടെ ബാറ്റിംഗ് വശ്യത കൊണ്ടും ഏത് സാഹചര്യങ്ങളിലും മികച്ച ബാറ്റിംഗ് കാഴ്ചവെക്കാനുള്ള ടെക്‌നിക്‌ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചിട്ട് ഉണ്ട്.

ഇതിൽ പാറ പോലെ ഉറച്ചുനിന്നു ക്രീസിൽ മതിലു തീർക്കുന്ന രാഹുൽ ദ്രാവിഡിന്റെ ഡിഫെൻസ് ലോക പ്രശസ്തവും. അപൂർവമായി മാത്രം പിഴവ് വരുത്തുന്ന, ക്രീസിൽ ഏകാഗ്രതയുടെ പര്യായമായ ദ്രാവിഡിന്റെ പേരിൽ അപൂർവമായ ഒരു റെക്കോർഡ് കൂടിയുണ്ട്. ഏറ്റവും കൂടുതൽ തവണ ക്ലീൻ ബൗൾഡ് ആയ ബാറ്റ്സ്മാൻ എന്ന നാണക്കേടിന്റെ റെക്കോർഡ്. 54 തവണയാണ് ബോളർമാർ ദ്രാവിഡിന്റെ കുറ്റി തെറിപ്പിച്ചത്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നാം.

വന്മതിൽ എന്ന് ഓമനപ്പേരുള്ള ദ്രാവിഡിന്റെ ഡിഫെൻസ് ബൗളർമാർക്ക് എന്നും തലവേദന ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസിന്‌ മുകളിൽ നേടിയ മുൻ ഇന്ത്യൻ നായകൻ ഏറ്റവും കൂടുതൽ സമയം ക്രീസിൽ ചിലവിട്ട കളിക്കാരൻ (44152 മിനിറ്റുകൾ ), ഏറ്റവും അധികം പന്തുകൾ നേരിട്ട (31258), ഏറ്റവുമധികം ക്യാച്ചുകൾ (210) എന്നീ റെക്കോർഡുകൾക്കും ഉടമയാണ്.

53 തവണ ക്ലീൻ ബൗൾഡ് ആയ മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ അലൻ ബോർഡർ രണ്ടാം സ്ഥാനത്തും, 48 തവണ സമാനമായി പുറത്തായ ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ മൂന്നാം സ്ഥാനത്തുമുണ്ട്. മറ്റൊരു കൗതുകം 10000 റൺസിന്‌ മുകളിൽ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയവരാണ് ഈ അപൂർവ നേട്ടത്തിന്റെയും ആദ്യ മൂന്നിൽ എന്നതാണ്. എന്താല്ലേ…!