ഇന്നലെ വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു കേരളത്തിന്‌പുറത്ത് മികച്ച മേൽ വിലാസമുണ്ടായിരുന്ന ഇവിടുത്ത ഒരേ ഒരു സ്റ്റേഡിയം. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്നലെ തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡിൽ നടന്ന ഇന്ത്യ ന്യൂസിലാന്റ് ടി20 മത്സരത്തോടെ കഥ മാറി. ഇന്നലത്തെ ഒരൊറ്റ മത്സരത്തോടെ ഗ്രീൻ ഫീൽഡ് കളി പ്രേമികളുടെ ഇഷ്ട വേദിയായി മാറി.
ആറ്റുനോറ്റിരുന്ന് കിട്ടിയ മത്സരം മഴ കൊണ്ട് പോകുമോ എന്നായിരുന്നു ഇന്നലത്തെ പ്രധാന പേടി. പക്ഷേ മഴയ്ക്ക് മുന്നിൽ തോറ്റു കൊടുക്കാൻ കെ സി എ യും, സംഘാടകരും തയ്യാറല്ലായിരുന്നു. മഴ ഒഴിഞ്ഞ ഉടനെ അവർ മത്സരം കളിക്ക് സജ്ജമാകുന്ന പാകത്തിൽ ആക്കിയെടുത്തു. ഗ്രൗണ്ട് ഉണക്കിയെടുക്കാൻ ഗ്രൗണ്ട്സ്മാന്മാർ കാണിച്ച അധ്വാനം കണ്ടില്ലെന്ന് വെക്കാൻ ആർക്കു കഴിയും?
അവസാനം എട്ടോവർ മത്സരത്തിനായി ടോസ് ഇട്ടപ്പോളാണ് മൈതാനം നിറഞ്ഞെത്തിയ കളി പ്രേമികൾക്ക് ആശ്വാസമായത്. കളി ഇന്ത്യ ജയിച്ചു. മത്സരത്തിന് ശേഷം ക്യാപ്റ്റൻ വിരാട് കോലി സ്റ്റേഡിയത്തേയും ഇവിടുത്തെ കാണികളേയും പ്രശംസിച്ചാണ് മടങ്ങിയത്.
ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഇനി ഗ്രീൻ ഫീൽഡാവും കേരളത്തിലെ നമ്പർ 1 ക്രിക്കറ്റ് സ്റ്റേഡിയം എന്നതിലേക്കാണ്. 1996 ൽ പണി കഴിപ്പിച്ച കലൂരിലെ സ്റ്റേഡിയത്തിലായിരുന്നു ശേഷം കേരളത്തിലേക്ക് വന്ന പ്രധാന ക്രിക്കറ്റ് മത്സരങ്ങളെല്ലാം നടന്നത്. 10 അന്താരാഷ്ട്ര ഏകദിനങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗുമെല്ലാം കൊച്ചിയിലെത്തി. അന്നൊക്കെ കൊച്ചി സ്റ്റേഡിയം ഒറ്റ ഓപ്ഷൻ മാത്രമാണ് കളി നടത്താനായി കെ സി എ ക്ക് മുന്നിലുണ്ടായിരുന്നത്. അതിനാണ് ഗ്രീൻ ഫീൽഡിന്റെ ഉദയത്തോടെ മാറ്റമുണ്ടായിരിക്കുന്നത്.
ഗ്യാലറിയിൽ എവിടെയിരുന്നാലും നല്ല രീതിയിൽ കളി കാണാം എന്നതാണ് ഗ്രീൻ ഫീൽഡിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല മൈതാനത്ത് നിന്ന് ഗ്യാലറിയിലേക്കുള്ള അകലവും ഇവിടെ കുറവാണ്.സിക്സറുകൾ ക്യാച്ച് ചെയ്യാനുള്ള അവസരം കാണികൾക്ക് ലഭിക്കും. കൊച്ചിയിലെപ്പോലെ വല കാഴ്ച്ചയ്ക്ക് തടസം സൃഷ്ടിക്കുംഎന്ന പേടിയും വേണ്ട. അത്യാധുനിക സംവിധാനത്തിലുള്ള ഡ്രെയിനേജ് സിസ്റ്റവും എല്ലാ സൗകര്യങ്ങളും അടങ്ങിയ കളികാരുടെ ഡ്രെസ്സിംഗ് റൂമും ഗ്രീൻ ഫീൽഡിന്റെ മാറ്റ് കൂട്ടുന്നു. ഇത്ര ആൾ ശേഷിയുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ എണ്ണത്തിൽ വളരെ കുറവാണെന്നതും ഓർക്കണം
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. ഏത് കളി നടന്നാലും ഗ്യാലറി നിറയുമെന്നതാണ് കൊച്ചിയുടെ പ്രത്യേകത. പണ്ട് ക്രിക്കറ്റ് മത്സരങ്ങൾ നടന്നപ്പോളും ശേഷം ഐ എസ് എൽ വന്നപ്പോളും ഗ്യാലറിയിലേക്ക് ആളുകൾ ഒഴുകിയെത്തിയ ചരിത്രമാണ് കൊച്ചിക്കുള്ളത്. എന്നാൽ ഐ എസ് എൽ അഞ്ച് മുതൽ ആറു മാസം വരെ നീളമുള്ള ലീഗ് ആക്കിയത് ക്രിക്കറ്റ് മത്സരങ്ങൾ കൊച്ചിയിലേക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത്ര നീളമേറിയ ലീഗുകൾ നടക്കുന്ന ഒരു മൈതാനത്ത് ക്രിക്കറ്റ് മത്സരങ്ങൾക്കായി പിച്ചുകൾ ഒരുക്കുന്നതിലെ അസൗകര്യവും കൊച്ചിക്ക് തിരിച്ചടിയായേക്കാം.
ഇപ്പോളത്തെ നിലയ്ക്കനുസരിച്ച് അനുസരിച്ച് കൊച്ചി, കേരളത്തിന്റെ ഔദ്യോഗിക ഫുട്ബോൾ സ്റ്റേഡിയമായും ഗ്രീൻ ഫീൽഡ് ഇവിടുത്തെ ഒഫീഷ്യൽ ക്രിക്കറ്റ് സ്റ്റേഡിയവുമായി മാറാനാണ് സാധ്യത.