SHARE

ടീമിൽ നിന്ന് പോയ കളികാർക്ക് പറ്റിയ പകരക്കാരെ തിരഞ്ഞെടുക്കാത്ത റയൽ മാഡ്രിഡ് മാനേജ്മെന്റിനെ വിമർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.അൽവാരോ മൊറാത്ത,ജയിംസ് റൊഡ്രീഗസ്, തുടങ്ങിയ പ്രധാന താരങ്ങളാണ് ഇത്തവണ ടീം വിട്ടത്.പുതിയ താരങ്ങളെ വാങ്ങാൻ അത്രയധികം ശുഷ്കാന്തി ഈ സീസണിൽ കാണിക്കാതിരുന്ന മാനേജ്മെന്റിന് സെൻട്രൽമിഡ് ഫീൽഡർ ഡാനി സെബല്ലോസിനേയും പ്രതിരോധതാരം തിയോ ഫെർണാണ്ടസിനെയും മാത്രമേ ടീമിലെത്തിക്കാൻ കഴിഞ്ഞുള്ളൂ.

2014 ൽ 70 മില്ല്യൺ യൂറോയ്ക്ക് റയലിലെത്തിയ കൊളംബിയൻ താരം ജയിംസ് റൊഡ്രീഗസ് ലോണടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിലാണ് ഇപ്പോൾ ഉള്ളത്.മറ്റൊരു താരം മൊറാത്തയെ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി റാഞ്ചി.

ലാലീഗയിൽ തുടക്കം മുതൽ മോശം ഫോമിലാണ് റയൽ മാഡ്രിഡ്.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി 8 പോയിന്റിന്റെ വ്യത്യാസം അവർക്കുണ്ട്.ലീഗിൽ കഴിഞ്ഞ ദിവസം ചെറു ടീമായ ജിറോണ എഫ് സി യോട് പരാജയപ്പെട്ട റയൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ടോട്ടൻഹാമിനോടും തോറ്റിരുന്നു.ഇതിന് ശേഷമാണ് മാനേജ്മെന്റിനെ പഴിച്ച് കൊണ്ട് ക്രിസ്റ്റ്യാനോ രംഗത്ത് വന്നത്.

“പുതുതായി ടീമിലെത്തിയവർ കഴിവുള്ളവർ തന്നെയാണ്.പക്ഷേ അവർ തീരെ ചെറുപ്പമാണ് പരിചയക്കുറവ് അവരെ അലട്ടുന്നു.മൊറാത്തയും ജെയിംസും പെപ്പെയുമെല്ലാം ഈ ടീമിന്റെ ശക്തി ബിന്ദുക്കളായിരുന്നു.അവരുടെ പരിചയസമ്പത്ത് എക്കാലവും ടീമിനെ സഹായിച്ചിരുന്നു.ഒറ്റയടിക്ക് ഇത്രയും താരങ്ങളെ ക്ലബ്ബ് വിടാനനുവദിച്ചതിനോട് യോജിക്കാനാവുന്നില്ല”.റൊണാൾഡോ കൂട്ടിച്ചേർത്തു.പരുക്കിന്റെ പിടിയിൽ അകപ്പെട്ട ഗാരത് ബെയ്ലും കർവാജലും എത്രയും വേഗം ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച റൊണാൾഡോ,തങ്ങളെ എഴുതിത്തള്ളാൻ സമയമായിട്ടില്ല എന്നും ഓർമിപ്പിച്ചു.