SHARE

ജമ്മു കാശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബോളർമാരുടെ കരുത്തിൽ തിരിച്ചടിച്ച കേരളം 46 റൺസിന്റെആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി.219 റൺസ് മാത്രമെടുത്ത കേരളത്തിനെതിരെ നല്ല രീതിയിൽ ബാറ്റിംഗ് തുടങ്ങിയെങ്കിലും ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ കാശ്മീർ ബാറ്റ്സ്മാന്മാർക്കായില്ല.അവസരത്തിനൊത്തുയർന്ന കേരളാ ബോളർമാരാണ് വൻ സ്കോറും ആദ്യ ഇന്നിംഗ്സ് ലീഡും സന്ദർശകർക്ക് നിഷേധിച്ചത്.

വിക്കറ്റ് പോകാതെ 82 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ കാശ്മീർ ടീം.അവിടുന്നാണ് തകർച്ച തുടങ്ങിയത്.തുടർന്ന് 91 റൺസെടുക്കുന്നതിനിടയ്ക്ക് 10 വിക്കറ്റുകളും നഷ്ടമാക്കിയ അവർ എളുപ്പത്തിൽ നേടാമായിരുന്ന ആദ്യ ഇന്നിംഗ്സ് ലീഡും കളഞ്ഞ് കുളിച്ചു.41 റൺസെടുത്ത ഓപ്പണർ ശുഭം ഖജൂരിയയാണ് കാശ്മീരിന്റെ ടോപ്പ് സ്കോറർ.കേരളത്തിന് വേണ്ടി അക്ഷയ് കെ സി നാലും സിജോമോൻ ജോസഫ്,ജലജ് സക്സേന എന്നിവർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

46 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം അവസാനം വിവരം കിട്ടുമ്പോൾ 42-1 എന്ന നിലയിലാണ്.20 റൺസെടുത്ത വിഷ്ണു വിനോദാണ് പുറത്തായത്.