SHARE

അനന്തപുരി ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 മത്സരം കാണാനുള്ള ആരാധകരുടെ പരക്കംപാച്ചില്‍ തുടരുന്നു. ഇതിനിടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റഴിയുന്നതായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 29,000 ടിക്കറ്റുകള്‍ വില്പനയക്ക് വയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000 മാത്രമാണ് വിറ്റതെന്നും ബാക്കി ടിക്കറ്റുകള്‍ എവിടെയാണെന്നറിയില്ലെന്നുമാണ് ആരോപണം. 29,000 ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കുവഴി വില്‍ക്കാന്‍ നല്‍കി എന്നാണ് കെസിഎ നല്‍കുന്ന വിവരം.

2000, 1000, 750, വിദ്യാര്‍ത്ഥികള്‍ക്ക് 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 2000 ത്തിന്റെ ടിക്കറ്റുകള്‍ ഏത് രീതീയില്‍ വിറ്റഴിഞ്ഞു എന്നവിവരം ഇനിയും ലഭ്യമല്ല. 1000, 750 ടിക്കറ്റുകളുടെ വില്‍പ്പന ഓണ്‍ലൈന്‍ വഴിയും ബാങ്ക് നേരിട്ടും നടത്തിയെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ ടിക്കറ്റുകളെക്കുറിച്ചും വിവരമില്ല. കെസിഎക്കും ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കും സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. ക്രിക്കറ്റിന്റെ പരസ്യ പ്രചാരണാര്‍ത്ഥം വന്‍കിട കമ്പനികള്‍ക്കും ടിക്കറ്റുകള്‍ നല്‍കി.

അതേസമയം മുന്‍ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവരെ ടിക്കറ്റ് ലഭിച്ചിട്ടില്ല. സാധാരണ കൊച്ചിയില്‍ കളി നടക്കുമ്പോള്‍ ജൂണിയര്‍ താരങ്ങള്‍ക്ക് ഉള്‍പ്പെടെ സൗജന്യ ടിക്കറ്റുകള്‍ നല്കുന്നതാണ്. ഇത്തവണ ഇതുവരെ ഇവര്‍ക്ക് ടിക്കറ്റുകള്‍ ലഭിച്ചിട്ടില്ല. മുമ്പ് കേരളത്തിന് മത്സരം നടത്തിപ്പ് ലഭിച്ചപ്പോഴെല്ലാം സംഘാടകന്റെ റോളില്‍ തിളങ്ങിയ ടി.സി. മാത്യു ഇത്തവണ ചിത്രത്തിലെ ഇല്ലെന്നതാണ് സംഘാടനത്തിലെ പ്രധാന പോരായ്മ.