SHARE

ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ മുതിര്‍ന്ന താരങ്ങളുടെയടക്കം വിമര്‍ശനത്തിന് വിധേയനായ മഹേന്ദ്രസിങ് ധോണിക്ക് പിന്തുണയുമായി നായകന്‍ വിരാട് കോഹ്ലി. തിരുവനന്തപുരത്ത് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി ട്വന്റി മത്സരശേഷമായിരുന്നു കോഹ്ലി ധോണിക്ക് പിന്തുണയുമായി എത്തിയത്.

എനിക്ക് മനസിലാകുന്നില്ല, എന്തിനാണെല്ലാവരും ധോണിയെ മാത്രം കുറ്റപ്പെടുത്തുന്നത്. ഞാന്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ മോശം പ്രകടനം നടത്തിയാല്‍ എന്നെ ആരും കുറ്റപ്പെടുത്തില്ല. എന്നാല്‍ ധോണി ഒരിക്കല്‍ പരാജയപ്പെട്ടാല്‍ എല്ലാവരും കുറ്റപ്പെടുത്തും. കാരണം അയാള്‍ക്ക് 35 വയസിലേറെ പ്രായമുണ്ട്- കോഹ്ലി പറഞ്ഞു. എല്ലാ ശാരീരികക്ഷമതാ പരിശോധനകളും ധോണി വിജയിച്ചിട്ടുണ്ട്. ഇപ്പോഴും ടീമിനായി മികച്ച പ്രകടനം നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയും ശ്രീലങ്കയുമായുള്ള പരമ്പരകളില്‍ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു, കോഹ്ലി പറഞ്ഞു.

രാജ്‌കോട്ട് ട്വന്റി- ട്വന്റിയിലെ തോല്‍വിക്ക് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.അന്ന് ധോണി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ തന്നെ ജയിക്കാന്‍ റണ്‍ റേറ്റ് ഓവറില്‍ ഒമ്പതിനടുത്ത് വേണമായിരുന്നു എന്ന് കാര്യം മറക്കരുത്, കോഹ്ലി പറഞ്ഞു. രാജ്‌കോട്ടിലെ തോല്‍വിക്കുശേഷം വിവിഎസ് ലക്ഷ്മണന്‍ അടക്കമുള്ളവര്‍ ധോണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് കോഹ്ലി പിന്തുണയുമായെത്തിയത്.