SHARE

രാഷ്ട്രീയ സാമൂഹിക ചലനങ്ങളും മുദ്രാവാക്യങ്ങളും കായികവേദികളുടെ ഗാലറികളില്‍ പ്രതിഫലിക്കുന്നത് പതിവാണ്. അതുകൊണ്ടാണ് കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ബാഴ്‌സലോണയൂടെ ഭാവിയെന്താകുമെന്നറിയാനുള്ള ആകാംഷയിലേക്ക് ലോകത്തെ നയിച്ചത്. സ്വാതന്ത്ര്യപ്രഖ്യാപനത്തെത്തുടര്‍ന്ന് കാറ്റലോണയുടെ ഭരണം സ്പാനാഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. കാറ്റലോണിയ അനുകൂലികളില്‍ പലരേയും പോലീസ് പിടികൂടി ജയിലിലടച്ചു.

ഈ സാഹചര്യത്തിലാണ് ലാ ലിഗയില്‍ ബാഴ്‌സ സെവിയ്യ പോരാട്ടം വരുന്നത്. സൂപ്പര്‍താരം ലയണല്‍ മെസിയുടെ ക്ലബിനായുള്ള 600ാം മത്സരമെന്ന നിലയില്‍ ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ ചര്‍ച്ചയായത് മറ്റൊന്നാണ്. കാറ്റലോണിയ പ്രശ്‌നത്തില്‍ ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഫ്രീഡം മുദ്രാവാക്യങ്ങളും ബാനറുകളുമാണ് മത്സരത്തില്‍ രാഷ്ട്രീയം നിറം ചേര്‍ത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. കാറ്റലോണിയക്ക് നീതി വേണമെന്നും ഗാലറികളില്‍ ആരവം മുഴങ്ങി.

കറ്റലോണിയ പ്രശ്‌നത്തില്‍ എപ്പോഴും ശ്രദ്ധാകേന്ദ്രമാണ് ബാഴ്‌സലോണയുടെ മൈതാനമായ ന്യുകാമ്പ്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ ജയിച്ചു. അപ്രതീക്ഷിതമായി ആദ്യ ഇലവനിലിറങ്ങിയ പാകോ അല്‍കാസര്‍ ബാഴ്‌സയ്ക്കായി ഇരട്ടഗോള്‍ നേടി. സെവിയ്യയുടെ ആശ്വാസ ഗോള്‍ ഗീഡോ പിസാറോയുടെ വകയായിരുന്നു. മത്സരം വിജയിച്ചങ്കിലും ഉറുഗ്വേ സട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ മോശം ഫോം ടീമിനെ അലട്ടുന്നുണ്ട്.