SHARE

സ്‌പോര്‍ട്‌സ് ചാനലിലെ വമ്പന്മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പുതിയ കരാര്‍. ഇനി മുതല്‍ ന്യൂസിലന്‍ഡില്‍ നടക്കുന്ന പരമ്പരകള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുമായി ഇതുസംബന്ധിച്ച് മൂന്നുവര്‍ഷത്തെ കരാറില്‍ സ്റ്റാർ സ്പോർട്സ് ഒപ്പുവച്ചു. ഏഷ്യ, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ സംപ്രേക്ഷണ അവകാശമാണ് ഇതോടെ സ്റ്റാറിന് ലഭിക്കുന്നത്.

ഇടയ്ക്ക് സോണി സിക്‌സ് കരാര്‍ ഉപേക്ഷിച്ചതിന് ശേഷം ന്യൂസിലന്‍ഡിലെ കളികള്‍ ഇന്ത്യയില്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നില്ലായിരുന്നു. കരാര്‍ കാലവധിയില്‍ ഇന്ത്യ മൂന്നു ടെസ്റ്റും 10 ഏകദിനവും മൂന്നു ട്വന്റി-20യും കിവിമണ്ണില്‍ കളിക്കും. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്‍ഡീസ്- ന്യൂസിലന്‍ഡ് പരമ്പരയോടെയാകും സ്റ്റാറിന്റെ സംപ്രേക്ഷണം തുടങ്ങുക.

പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ അടുത്തവര്‍ഷം ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ടീമുകളിലൊന്നാണ് ന്യൂസിലന്‍ഡ്. സോണി സിക്‌സുമായുള്ള മത്സരത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കാന്‍ ഈ കരാറിലൂടെ സ്റ്റാര്‍ ഇന്ത്യയ്ക്കും സാധിക്കും.