SHARE

രണ്ടു മത്സരത്തിനുശേഷം ക്യാപ്റ്റന്‍ സ്ഥാനത്തിനൊപ്പം ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരേ ബറോഡ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്ത്. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പത്താന്‍ മനസിലെ രോക്ഷവും നിസഹയാവസ്ഥയും തുറന്നുപറഞ്ഞത്. കഴിഞ്ഞദിവസമാണ് പത്താനെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഒഴിവാക്കിയത്. എന്തിനാണ് അവരെന്നെ ഒഴിവാക്കിയതെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല.

ഞാന്‍ ആകെ നിരാശനാണ്. എങ്കിലും ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് എനിക്കറിയാം. സീസണിന്റെ തുടക്കത്തില്‍ വലിയ പത്രസമ്മേളനം നടത്തിയാണ് അവര്‍ എന്നെ നായകനായും ടീമിന്റെ മെന്ററായും പ്രഖ്യാപിച്ചത്. അതും ഈ മുഴുവന്‍ സീസണിലേക്കും. എന്നിട്ട് രണ്ടു കളികള്‍ക്കുശേഷം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും എനിക്കറിയില്ല. ഗ്രൗണ്ടിലെ എന്റെ മോശം പ്രകടനം കൊണ്ടല്ല ഇതെന്ന് എനിക്കറിയാം- പത്താന്‍ പറയുന്നു.

ഇത്തവണ സീസണിന് മുന്നോടിയായി മികച്ച രീതിയില്‍ പരിശീലനം നടത്തിയിരുന്നു പത്താന്‍. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ 130 പന്തില്‍ 80 റണ്‍സെടുത്ത വിക്കറ്റും നേടിയിരുന്നു. മികച്ച രീതിയില്‍ പന്തെറിയാനും സാധിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞിരിക്കുകയാണ്.