SHARE

ബ്രസീലിന്റെ ഇതിഹാസ താരങ്ങളിലൊരാളായ റൊണാള്‍ഡോ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ വഴിയൊരുങ്ങുന്നു. രണ്ടാംവരവിലെ ദൗത്യം പക്ഷേ കളിക്കാരന്റെ കോച്ചിന്റെതോ ആവില്ല. മറിച്ച്, കളിച്ച് വളര്‍ന്ന കൊറിന്ത്യന്‍സ് ക്ലബിന്റെ ഡയറക്ടര്‍ പദവിയിലേക്കായിരിക്കും. ബ്രസീലിയന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റൊണാള്‍ഡോ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നത് കൊറിന്ത്യന്‍സില്‍ കളിച്ചുകൊണ്ടാണ്. 2011ലായിരുന്നു ഇത്. കളിക്കളത്തോട് വിടപറഞ്ഞ ശേഷം ഫുട്‌ബോള്‍ ലോകത്ത് അത്ര സജീവമായിരുന്നില്ല ഈ 41കാരന്‍. ഇപ്പോള്‍ മാനേജ്‌മെന്റ് തലത്തിലേക്ക് റൊണാള്‍ഡോയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് കൊറിന്ത്യന്‍സ് ക്ലബിന്റെ തെരഞ്ഞെടുപ്പാണ്.

2007 മുതല്‍ 2011 ക്ലബിനെ നയിച്ച ആന്ദ്രെ സാഞ്ചസ് വീണ്ടും പ്രസിഡന്റായി മത്സരിക്കാനൊരുങ്ങുകയാണ്. താന്‍ പ്രസിഡന്റായാല്‍ റൊണാള്‍ഡോയെ ക്ലബിന്റെ മുഖ്യ ചുമതലകളിലൊന്ന് ഏല്പിക്കുമെന്ന് സാഞ്ചസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സാഞ്ചസിന്റെ താല്പര്യമാണ് 2009ല്‍ റൊണാള്‍ഡോയെ കൊറിന്ത്യന്‍സില്‍ എത്തിച്ചത്. രണ്ടു തവണ ഫിഫ ബാലണ്‍ഡിയോര്‍ പുരസ്‌കാരം നേടിയിട്ടുള്ള റൊണാള്‍ഡോ ബ്രസീലിനൊപ്പം രണ്ടു ലോകകപ്പുകളിലും കോപ്പ അമേരിക്ക കിരീടനേട്ടത്തിലും പങ്കാളിയാണ്.