SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കേ താരങ്ങളും ആവേശത്തിലാണ്. എല്ലാ ടീമുകളും പരിശീലന മത്സരം കളിക്കുന്ന തിരക്കിലാണ്. ലീഗിലെ പുതുമുഖങ്ങളായ ബെംഗളൂരു എഫ്‌സി തങ്ങളുടെ ആദ്യ ലീഗിനിറങ്ങുമ്പോള്‍ നയം വ്യക്തമാക്കുകയാണ്. തങ്ങളുടെ ഏറ്റവും വലിയ എതിരാളികള്‍ കേരള ബ്ലാസ്‌റ്റേഴ്‌സായിരിക്കുമെന്ന്. ബെംഹുളൂരുവിന്റെ പ്രതിരോധനിരക്കാരന്‍ ജോണ്‍ ജോണ്‍സണ്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സാകും തങ്ങളുടെ മുഖ്യ എതിരാളിയെന്ന് വെളിപ്പെടുത്തിയത്.

മഞ്ഞപ്പടയുമായി കൊമ്പുകോര്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ജോണ്‍സണ്‍ പറയുന്നതിന് കാരണങ്ങളുണ്ട്. മുന്‍വര്‍ഷങ്ങളില്‍ തങ്ങള്‍ക്കൊപ്പം പന്തുതട്ടിയ സി.കെ. വിനീതിനും റിനോ ആന്റോയ്ക്കുമെതിരേ കളിക്കുന്നത് തന്നെ. കളത്തിനു പുറത്തെ തന്റെ അടുത്ത സുഹൃത്തുക്കളാണ് ഈ മലയാളി താരങ്ങളെന്ന് ജോണ്‍സണ്‍ പറയുന്നു. ബെംഗളൂരുവിനൊപ്പം നിരവധി കിരീടനേട്ടങ്ങളില്‍ പങ്കാളികളാണെങ്കിലും അടുത്തിടെ ടീം ആരാധകര്‍ വിനീതിനും റിനോയ്ക്കുമെതിരേ സോഷ്യല്‍മീഡിയയിലടക്കം കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ലീഗിന് ചൂടു പിടിക്കുന്നതിനു മുമ്പ് തന്നെ ആരാധകര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലും തുടങ്ങി.

നവംബര്‍ പതിനേഴിന് കൊല്‍ക്കത്തയ്‌ക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. കൊല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് മത്സരം മാറ്റിയതോടെ മഞ്ഞപ്പടയുടെ ആരാധകരും ആവേശത്തിലാണ്. നവംബര്‍ പത്തൊമ്പതിന് മുംബൈ സിറ്റിക്കെതിരേയാണ് ബെംഗളൂരുവിന്റെ ആദ്യ മത്സരം. അതും സ്വന്തം മൈതാനത്ത്. ഡിസംബര്‍ 31നാണ് ഏവരും കാത്തിരിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്- ബെംഗളൂരു ദക്ഷിണേന്ത്യന്‍ ഡര്‍ബി.