SHARE

നാലാം സീസൺ ഐ എസ്‌ എല്ലിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ടീമംഗങ്ങളായ ഇയാൻ ഹ്യൂം,മലയാളി താരങ്ങളായ റിനോ ആന്റോ, അജിത് ശിവൻ സഹ പരിശീലകൻ സിംഗ്ദോ എന്നിവർ ചേർന്നാണ് പുതിയ ജേഴ്സി അവതരിപ്പിച്ചത്.ടീമിലെ ഒഫീഷ്യൽ ഫാൻജേഴ്സി പ്രകാശനം ഹെയ്ഡൻ ജോസ് എന്ന ആരാധകനിലൂടെ നടത്തിയ ടീം മാനേജ്മെന്റ് ചടങ്ങിൽ കൈയ്യടികൾ നേടി

 

കേരള ബ്ലാസ്റ്റേഴിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഇയാൻ ഹ്യൂം ഈ സീസണിൽ മികച്ച പ്രകടനം ടീം കാഴ്ച്ച വെയ്ക്കുമെന്നും ഉറപ്പ് നൽകി. നിങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യണമെന്ന് മലയാളത്തിൽ പറഞ്ഞ ഇയാൻ ഹ്യൂമും,സുഖമാണോ’ എന്ന് ചോദിച്ച് സംസാരിച്ച് തുടങ്ങിയ സഹ പരിശീലകൻ സിംഗ്ദോയും ആരാധകരെ കൈയ്യിലെടുത്തു‌.

ഒറിജിനൽ ഫാൻ ജേഴ്സി തന്നെ വാങ്ങാൻ ആരാധകരോട് അഭ്യർത്ഥന നടത്തിയ റിനോ ആന്റോയും ടീമിലെത്തിയതിലുള്ള സന്തോഷം വാക്കുകളിലൂടെ വിവരിക്കാനാവില്ലെന്ന് പറഞ്ഞ അജിത്ത് ശിവനേയും കൈയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.499 രൂപയാണ് ഔദ്യോഗിക ടീം ജേഴ്സിയുടെ വില.

ടീമിന്റെ പ്രധാനപ്പെട്ട 10ആം നമ്പർ ജേഴ്സിയണിഞ്ഞ് ഹ്യൂം എത്തിയപ്പോൾ അജിത്ത് ശിവൻ 36 ആം നമ്പരിലും റിനോ ആന്റോ 31 ആം നമ്പരിലുമാണ് വന്നത്.അഡ്മിറൽ,കല്ലിയത്ത് ടി എം ടി എന്നിവരാണ് ഇത്തവണ ജേഴ്സി സ്പോൺസേഴ്സ്.