SHARE

ഇന്ത്യയുടെ രണ്ടാം വന്മതില്‍ ചേതേശ്വര്‍ പൂജാര ഒരു റിക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം ഇരട്ട സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പൂജാരയ്ക്ക് സ്വന്തമായത്. രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരേ സൗരാഷ്ട്രയ്ക്കുവേണ്ടിയായിരുന്നു താരത്തിന്റെ പന്ത്രണ്ടാമത്തെ ഇരട്ടശതകം. മറികടന്നതാകട്ടെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായിരുന്ന വിജയ് മര്‍ച്ചന്റിന്റെ റിക്കാര്‍ഡും.

രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, വിജയ് ഹസാരെ എന്നിവര്‍ പത്തുതവണ 200 പിന്നിട്ടുണ്ട്. ജാര്‍ഖണ്ഡിനെതിരേ മിന്നും പ്രകടനമാണ് പൂജാര നടത്തിയത്. 355 പന്തില്‍ നിന്നായിരുന്നു 205 റണ്‍സ് കണ്ടെത്തിയത്. മാരത്തണ്‍ ഇന്നിംഗ്‌സിന് തിലകക്കുറിയായി 28 തവണ പന്ത് അതിര്‍ത്തി കടത്തി. കേരളം ഉള്‍പ്പെടുന്ന ബി ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമതാണ് സൗരാഷ്ട്ര. ടീമിന്റെ നായകന്‍ കൂടിയാണ് പൂജാര.

അടുത്തകാലത്ത് മോശം ഫോമിലായിരുന്ന പൂജാരയ്ക്ക് അടുത്ത പരമ്പരയ്ക്കു മുമ്പേ താളം വീണ്ടെടുക്കാനായത് ഇന്ത്യന്‍ ടീമിനും ആശ്വാസമാകും. ശ്രീലങ്കന്‍ പര്യടനത്തിനുശേഷം കൗണ്ടിയില്‍ നോട്ടിംഗ്ഹാമിനായി പാഡണിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഏഴു ഇന്നിംഗ്‌സില്‍ നിന്ന് വെറും 98 റണ്‍സാണ് നേടാനായത്. പിന്നാലെ രഞ്ജി ട്രോഫിയിലെ ആദ്യ രണ്ടു കളികളിലും ശോഭിക്കാനായില്ല. ഹരിയാനയ്‌ക്കെതിരേ 35 റണ്‍സെടുത്തപ്പോള്‍ ജമ്മു കാഷ്മീരിനെതിരേ വെറും 13 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്.