SHARE

വരുന്ന ഐ എസ്‌ എല്ലിലെ ഏറ്റവും വലിയ ആവേശപ്പോരാട്ടം കേരള ബ്ലാസ്റ്റേഴ്സും ഐ എസ്‌ എല്ലിലെ പുതുമുഖങ്ങളായ ബെംഗളൂരു എഫ്‌ സിയും തമ്മിലായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ ടീമുകൾ തമ്മിലുള്ള മത്സരം അവരുടെ ആരാധകരുടെ ഏറ്റുമുട്ടൽ കൂടിയാകുമെന്നാണ് അടുത്ത് കേൾക്കുന്ന വാർത്തകൾ ശരി വെക്കുന്നത്.

മാർച്ച് ഒന്നിന് ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ കണ്ടീരവയിൽ നടക്കുന്ന മത്സരമാണ് ഇപ്പോളേ വാർത്തകളിൽ നിറയുന്നത്. സ്റ്റേഡിയത്തിലെ ഈസ്റ്റ് അപ്പർ സ്റ്റാൻഡിലെ ടിക്കറ്റുകൾ ബെംഗളൂരു എഫ് സി അധികൃതർ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കേരളബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ടീമിന് കൂടുതൽ പിന്തുണ കിട്ടാൻ വേണ്ടി മനപൂർവ്വം ചെയ്തതാണിതെന്ന് അവർ പറയുന്നു.

ഈസ്റ്റ് അപ്പർ സ്റ്റാൻഡിലെ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വെക്കാത്ത സാഹചര്യത്തിൽ ബെംഗളൂരു എഫ് സിയുടെ മർമ്മപ്രധാനമായ വെസ്റ്റ് ബ്ലോക്ക് സ്റ്റാൻഡ് മഞ്ഞ ജേഴ്സിയിൽ കുളിപ്പിക്കുമെന്നാണ് മഞ്ഞപ്പടയുടെ ഭീഷണി. ഇതിനായി ആരാധകക്കൂട്ടായ്മ ട്വിറ്ററിൽ ‘#OccupyWestBlock’ എന്ന പേരിൽ ഹാഷ് ടാഗ് ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരു എഫ് സിയുടെ പ്രശസ്തമായ ആരാധക്കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ തട്ടകമാണ് കണ്ടീരവ സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്ക് ഗ്യാലറി. എന്നാൽ ഇങ്ങോട്ടേക്കുള്ള ടിക്കറ്റുകൾ ഇപ്പോളും വിൽപ്പനയ്ക്കുണ്ട്. ഈസ്റ്റ് ബ്ലോക്കിലെ ടിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ വെസ്റ്റ് ബ്ലോക്ക് സ്റ്റാൻഡുകളിലെ ടിക്കറ്റുകൾ കൂട്ടത്തോടെ വാങ്ങാനാണ് മഞ്ഞപ്പടയുടെ തീരുമാനം.

മഞ്ഞപ്പടയെ പേടിച്ച് മനപൂർവ്വമാണ് ബംഗളൂരു എഫ് സി ഇത് ചെയ്തതെന്ന് ആരോപിക്കുമ്പോളും സംഭവത്തിലെ സത്യാവസ്ഥ ഇത് വരെ പുറത്ത് വന്നിട്ടില്ല‌. ഇതിലെ സത്യം എന്ത് തന്നെയാണെങ്കിലും അല്ലെങ്കിലും മഞ്ഞപ്പടയുടെ പിന്തുണയിൽ മഞ്ഞപുതച്ച ഗ്യാലറിയിലാകും മാർച്ച് ഒന്നിന് കണ്ടീരവ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ നേരിടുക എന്നത് ഉറപ്പ്.