SHARE

പോൾ ആഡംസ് എന്ന ദക്ഷിണാഫ്രിക്കൻ സ്പിന്നറെ അറിയാത്തവരുണ്ടാകില്ല. അധികമാരും കാണാത്ത ആക്ഷനുമായി ക്രിക്കറ്റ് ലോകത്തെത്തിയ താരം നിഗൂഡ സ്പിന്നറെന്നാണ് അറിയപ്പെട്ടിരുന്നത്. അപൂർവതകളുമായി എത്തിയ ഈ താരത്തിന്റെ അന്താരാഷ്ട്ര കരിയർ എന്നാൽ അധികനാൾ നീണ്ടു നിന്നില്ല. വിക്കറ്റെടുത്തതിനു ശേഷം പിച്ചിലൂടെ തലകുത്തി മറിഞ്ഞുള്ള അയാളുടെ കരണം മറിച്ചിലും അധിക നാൾ ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടായില്ല.

ഇപ്പോൾ പോൾ ആഡംസിനെ അനുസ്മരിപ്പിക്കുന്ന ബോളിംഗുമായി എത്തിയിരിക്കുന്നത് ന്യൂസിലന്റ് യുവതാരം ബ്ലേക്ക് കോബേൺ ആണ്. ആഡംസിനെപ്പോലെ തന്നെ ഇടം കൈയ്യൻ സ്പിന്നറായ കോബേൺ, ന്യൂസിലന്റ് അഭ്യന്തര ടീമായ കാന്റർബറിയുടെ താരമാണ്.കഴിഞ്ഞ ദിവസം നോർത്തേൺ ഡിസ്ട്രിക്റ്റുമായി നടന്ന മത്സരത്തിലെ മികച്ച പ്രകടനമാണ് കോബേണിനെ ഇത്ര പെട്ടെന്ന് പ്രശസ്തനാക്കിയത്. ആഡംസിനെ അനുസ്മരിപ്പിക്കുന്ന തന്റെ നിഗൂഡ ആക്ഷനിൽ പന്തെറിഞ്ഞ യുവതാരം 64 റൺസ് വഴങ്ങി 7 വിക്കറ്റുകൾ വീഴ്ത്തി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

രണ്ട് റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ 13 വിക്കറ്റ് സ്വന്തമാക്കിയ ഈ ഇരുപത്തിയൊന്നുകാരൻ നിലവിൽ ടൂർണമെന്റിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ്. പ്രധാന സ്പിന്നർ ടോഡ് ആസിലിനേറ്റ പരിക്കാണ് കോബേണിനെ കാന്റർ ബറി ടീമിലെത്തിച്ചതും പകരക്കാരനിൽ നിന്ന് താരമാക്കിയതും.
വളരെ പെട്ടെന്ന് തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ കോബേണിന്റെ പ്രധാന ലക്ഷ്യം രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ്. ഏറെ പ്രതീക്ഷകളുമായി വന്ന് വളരെ പെട്ടെന്ന് തന്നെ അതെല്ലാം നഷ്ടപ്പെടുത്തിയ പോൾ ആദംസിന്റെ അവസ്ഥ ഈ യുവതാരത്തിന് വരാാതിരിക്കട്ടെ