SHARE

അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ വിവിധ ടീമുകള്‍ തുടങ്ങി കഴിഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഗ്രൂപ്പുകളെ നിശ്ചയിക്കുന്ന ഡ്രോ നടക്കുന്നത്. ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുന്നു. മറ്റൊന്നുമല്ല, ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ സ്‌പെയ്‌നിനെ എതിരാളികളായി വേണ്ട.

എന്തുകൊണ്ട് സ്‌പെയ്‌നിന്റെ ഗ്രൂപ്പില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന കാര്യവും മെസി പറയുന്നു. അവര്‍ (സ്‌പെയ്ന്‍) കരുത്തുറ്റ ടീമാണ്. ആദ്യ റൗണ്ടില്‍ അവരെ നേരിടുകയെന്നത് ശ്രമകരമായ ജോലിയാണ്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും സൂപ്പര്‍താരം പറയുന്നു. റഷ്യയ്ക്കും നൈജീരിയയ്ക്കുമെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരങ്ങള്‍.

ലാറ്റിനമേരിക്കന്‍ യോഗ്യതറൗണ്ടില്‍ വളരെ ബുദ്ധിമുട്ടിയാണ് അര്‍ജന്റീന റഷ്യന്‍ ടിക്കറ്റ് ഉറപ്പിച്ചത്. അവസാന മത്സരത്തില്‍ ഇക്വഡോറിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു അവരുടെ മുന്നേറ്റം. ഒരു ഗോളിന് പിന്നില്‍ നിന്നശേഷം മെസിയുടെ ഹാട്രിക്കായിരുന്നു മറഡോണയുടെ പിന്‍ഗാമികള്‍ക്ക് ലോകകപ്പിലേക്കുള്ള മാര്‍ഗം കാണിച്ചത്.