SHARE

അൽവാരോ മൊറാത്ത നേടിയ ഏക ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിക്ക്‌ ജയം. മത്സരത്തിന്റെ അൻപത്തിയഞ്ചാം മിനുറ്റിലായിരുന്നു മൊറാത്തയുടെ വിജയ ഗോൾ പിറന്നത്‌.

മത്സരത്തിലെ ആദ്യ ഇരുപത്‌ മിനുറ്റുകളിൽ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റേത്‌. പക്ഷേ ഗോളുകൾ അകന്ന് നിന്നത്‌ അവർക്ക്‌ തിരിച്ചടിയായി. അൻപത്തിയഞ്ചാം മിനുറ്റിൽ യുണൈറ്റഡ് ബോക്സിലേക്ക് ഓടിക്കയറിയ സ്പാനിഷ് താരം അൽവാരോ മൊറാത്ത, അസ്പിലിക്യൂട്ടയുടെ തകർപ്പൻ ക്രോസിൽ തലവെച്ചാണ് യുണൈറ്റഡിന്റെ നെഞ്ച് പിളർന്ന ഗോൾ നേടിയത്. ഗോൾകീപ്പർ ഡേവിഡ് ഡിഗിയയ്ക്കും യുണൈറ്റഡ് താരങ്ങളായ എറിക്ക് ബെയിലി, ക്രിസ് സ്മാളിംഗ്, ഫിൽ ജോൺസ് എന്നിവർക്കും അത് കണ്ട് നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

ഇന്നത്തെ തോൽവിയോടെ, പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള യുണൈറ്റഡിന്റെ ദൂരം കൂടി. സിറ്റിക്ക് 8 പോയിന്റ് പിറകിലാണ് ഇപ്പോൾ യുണൈറ്റഡ്. മത്സരത്തിന്റെ അവസാനനിമിഷം വരെ ഗോൾ മടക്കാൻ യുണൈറ്റഡ് ആഞ്ഞു ശ്രമിച്ചെങ്കിലും അവസരത്തിനൊത്തുയർന്ന ചെൽസി ഡിഫൻഡർമാർ അവയെല്ലാം വിഫലമാക്കുകയായിരുന്നു