SHARE

ആരാധകരേറെയുള്ള ക്രിക്കറ്റ് താരമാണ് സുരേഷ് റെയ്ന.ഒരിടയ്ക്ക് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന താരം പ്രകടനത്തിലെ അസ്ഥിരത കൊണ്ടാണ് ടീമിന് വെളിയിലെത്തിയത്.വിരാട് കോഹ്ലിയേയും രോഹിത് ശർമ്മയേയും പോലുള്ളവർ പ്രകടന മികവ് കൊണ്ട് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചപ്പോൾ റെയ്ന പതിയെ പതിയെ ടീമിലെ ഗസ്റ്റ് പ്ലേയറായി മാറി.ഇന്ത്യൻ ജേഴ്സിയിൽ വന്നും പോയും കൊണ്ടിരുന്ന താരം എന്നാൽ ഐ പി എല്ലിൽ മികച്ച പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരുന്നത്.മൂന്നാം നമ്പരിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിശ്വസ്തനായിരുന്ന ഈ ഇടം കൈയ്യൻ കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ ഗുജറാത്ത് ലയൺസിന്റെ നായകനുമായിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലാണ് റെയ്ന അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്.അന്ന് 45 പന്തിൽ 63 റൺസെടുത്ത് ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെങ്കിലും പിന്നീടൊരിക്കലും ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ ഈ മുപ്പത് കാരന് കഴിഞ്ഞില്ല.ഏകദിനത്തിൽ അതിനുമൊക്കെ ഏറെ മുൻപ് 2015 ൽ ദക്ഷിണാഫ്രിക്കക്കെതിരായിരുന്നു സനുവിന്റെ അവസാന മത്സരം.

യുവ ഇന്ത്യൻ താരങ്ങളുടെ ആധിക്യമാണ് റെയ്നയെപ്പോലൊരു താരത്തിന് ഇന്ത്യൻ ടീമിലെ സ്ഥാനം നിഷേധിക്കുന്നത് എന്ന് പറയുന്നവർ അദ്ദേഹത്തിന്റെ സമീപകാല കരിയർ റെക്കോഡ് കൂടി പരിശോധിക്കേണ്ടതുണ്ട്.കുറച്ച് നാളുകളായി മോശം ഫോമിലാണ് ഈ ഉത്തർപ്രദേശുകാരൻ ഉള്ളത്.അവസാന 9 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിൽ റെയ്നയുടെ സ്കോർ ഇപ്രകാരമാണ്.10,0,5,6,29,1,45,40,52.അതായത് 9 ഇന്നിംഗ്സുകളിൽ നിന്നായി അദ്ദേഹം ആകെ നേടിയത് വെറും 188 റൺസ്.ഇതിൽത്തന്നെ രഞ്ജി ട്രോഫി മത്സരങ്ങൾ മാത്രം കണക്കിലെടുത്താൽ 5 ഇന്നിംഗ്സുകളിൽ നിന്നായി 50 റൺസ് മാത്രം.ശരാശരി 10.അജിങ്ക്യ രഹാനയെപ്പോലെ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും സൈഡ് ബെഞ്ചിലിരിക്കുന്ന താരങ്ങൾ ടീമിലുള്ളപ്പോൾ ഇത്തരമൊരു പ്രകടനം നടത്തുന്ന,ഇങ്ങനെയൊരു മോശം ഫോമിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഒരു താരത്തിന് എങ്ങനെയാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുക?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വൻ സ്കോറുകൾ കണ്ടെത്താൻ കഴിയാത്തിടത്തോളം കാലം ഇന്ത്യൻ ടീമിലെ അയാളുടെ സ്ഥാനവും പുറത്തായിരിക്കും എന്നത് തീർച്ച.