SHARE

ആദ്യ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാമായിരുന്നു ഡേവിഡ് ജെയിംസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന ഒരുകൂട്ടം താരങ്ങളെ കോര്‍ത്തിണക്കി ഫൈനല്‍ വരെയെത്തിച്ച തന്ത്രജ്ഞന്‍. ഇപ്പോള്‍ ജെയിംസ് വാര്‍ത്തകളില്‍ നിറയാന്‍ കാരണം പക്ഷേ മറ്റൊന്നാണ്. ലിവര്‍പൂളില്‍ നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആസ്റ്റണ്‍വില്ലയിലേക്ക് കൂടൂമാറിയതിന്റെ രഹസ്യം തുറന്നുപറയുകയാണ് താരം.

അന്നൊരുദിവസം കുറച്ചു സഹതാരങ്ങള്‍ക്കൊപ്പം പുറത്തുപോയതായിരുന്നു ഞാന്‍. മത്സരമൊന്നുമില്ലാത്തതിനാല്‍ കുറച്ചു മദ്യപിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് കൂടെയുള്ളവര്‍ ആരോ പറഞ്ഞത്, അടുത്ത റൂമില്‍ ആസ്റ്റണ്‍വില്ല ഉടമ ഡഗ് എല്ലിസ് ഉണ്ടെന്ന്. അതോടെ അദേഹത്തെ കാണാന്‍ തീരുമാനിച്ചു. നേരെ റൂമിലേക്ക് കയറിച്ചെന്നു. ചെന്നപ്പോള്‍ അദേഹം വലിയ ആലോചനയിലാണ്. എന്താണ് പ്രശ്‌നമെന്നു ചോദിച്ചപ്പോള്‍ ഡഗ് പറഞ്ഞു. ഞങ്ങളുടെ നല്ല ഗോള്‍കീപ്പര്‍മാരെല്ലാം ടീമില്‍ നിന്ന് പോയി.

ടീമിലെ രണ്ടാമനും പോയി. സംസാരത്തിനൊടുവില്‍ അദേഹം എന്നെ ആസ്റ്റണിലേക്ക് ക്ഷണിച്ചു. ലിവര്‍പൂളിനെ ഞാന്‍ അത്രയധികം സ്‌നേഹിച്ചിരുന്നെങ്കിലും ആ ക്ഷണം നിരസിക്കാന്‍ എനിക്കായില്ല- ജെയിംസ് പറഞ്ഞു. 1992ലാണ് ഈ ഗോള്‍കീപ്പര്‍ ആന്‍ഫീല്‍ഡിലെത്തുന്നത്. പിന്നീട് നീണ്ട ഏഴുവര്‍ഷം ടീമിനൊപ്പമായിരുന്നു. ഇതിനിടെ 214 തവണ ലിവർപൂൾ ജേഴ്‌സിയണിഞ്ഞു. എട്ട് പ്രീമിയര്‍ ലീഗ് ടീമുകൾക്ക് വേണ്ടി കളിച്ചശേഷമാണ് 2014ല്‍ ജെയിംസ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.