SHARE

ലോകകപ്പ് യോഗ്യതയ്ക്കുള്ള പ്ലേ ഓഫ് ആദ്യ പാദ മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും ക്രൊയേഷ്യക്കും ജയം. വടക്കന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡ് പരാജയപ്പെടുത്തിയപ്പോള്‍ ഗ്രീസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ തോല്‍പ്പിച്ചത്.

അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ വിവാദ പെനാല്‍റ്റിയിലാണ് സ്വിസ് പടയുടെ  ജയം. 58-ാം മിനിറ്റില്‍ ലഫ്റ്റ് ബാക്ക് റിക്കോര്‍ഡോ റോഡ്രിഗസാണ് വിജയ ഗോള്‍ നേടിയത്.സ്വിസ് താരം ഷെര്‍ദാന്‍ ഷാക്കിരിയുടെ ഷോട്ട് അയര്‍ലന്‍ഡ് താരം കൊറി ഇവാന്‍സ് തടഞ്ഞതിനെത്തുടര്‍ന്നാണ് വിവാദ പെനാല്‍റ്റി. ഷോട്ട് തടഞ്ഞപ്പോള്‍ ഇവാന്‍സിന്റെ കൈയ്യില്‍ തട്ടിയെന്നാരോപിച്ച റഫറി ഹാന്‍ഡ് ബോള്‍ വിളിച്ചു. ഇതിനെതിരെ അയര്‍ലന്‍ഡ് പരിശീലകനടക്കം കടുത്ത വിമര്‍ശനമുന്നയിച്ചു.രണ്ടാ പാദ പ്ലേ ഓഫ്  മത്സരം ഞായറാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍  നടക്കും.

 

സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ റയല്‍ താരം ലൂക്കാ മോഡ്രിച്ച്, നിക്കോള കാലിനാക്, ഇവാൻ പെരിസിച്ച്, ആൻഡ്രേ കമാറിക്ക് എന്നിവരുടെ ഗോളുകളിലാണ് ക്രൊയേഷ്യ ജയിച്ചത് സോക്രട്ടീസ് പാപസ്താതോപോലസാണ് ഗ്രീസിന്റെ ആശ്വാസ ഗോള്‍ നേടിയത്. തിങ്കളാഴ്ച ആതന്‍സിലാണ് രണ്ടാം പാദ മത്സരം.