SHARE

രാജ്യാന്തര ഫുട്‌ബോളില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്ക് കാഹളമൊരുങ്ങുന്നു. നിലവിലെ ഫുട്‌ബോള്‍ സമവാക്യങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതി പുതിയ ലീഗ് കൊണ്ടുവരാനാണ് ഫിഫ ഒരുങ്ങുന്നത്. ഫിഫയിലെ 223 അംഗങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗ്ലോബല്‍ നേഷന്‍സ് ലീഗിനാണ് ആഗോള കായികസംഘടനയുടെ ശ്രമം. യുവേഫയുടെ നേഷന്‍സ് ലീഗിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. അസോസിയേറ്റഡ് പ്രസാണ് ഈ വലിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ക്ക് പകരമായിരിക്കും പുതിയ ലീഗ് വരിക.

ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാകും ഗ്രൂപ്പുകളെ തരംതിരിക്കുക. ഇന്ത്യയ്ക്കും പുതിയ ലീഗ് കൂടുതല്‍ അവസരങ്ങള്‍ നല്കുമെന്നതാണ് ഒരു പ്രത്യേകത. ഏഴു ഡിവിഷനുകളായിട്ടായിരിക്കും ടീമുകളെ തിരിക്കുകയെന്നാണ് പ്രാഥമിക സൂചന. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ലീഗില്‍ തരംതാഴ്ത്തലും പ്രെമോഷനും ഉണ്ടാകും. എല്ലാ ഗ്രൂപ്പുകളിലും ഒന്നാമതെത്തുന്ന ടീമുകള്‍ അടുത്ത ഘട്ടത്തില്‍ ഏറ്റുമുട്ടുന്ന രീതിയിലാകും ലീഗിന്റെ ഘടന. ആദ്യ ലീഗ് 2021ല്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന.

-Advertisement-

അതേസമയം, ഫിഫ പുതിയ ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അടുത്തു കൂടുന്ന ഫിഫ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. യുവേഫയുടെ തലയില്‍ വിരിഞ്ഞ ബുദ്ധിയാണ് ഇപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. സൗഹൃദമത്സരങ്ങള്‍ കാര്യമായ ആവേശമില്ലാതെ അവസാനിക്കുന്നുവെന്ന പരാതികള്‍ക്കും പുതിയ ലീഗ് പരിഹാരമാകും. എന്നാല്‍ ഇത്തരമൊരു ലീഗിനോട് ക്ലബുകള്‍ ഏതുതരത്തില്‍ പ്രതികരിക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.