SHARE

രഞ്ജി ട്രോഫിയില്‍ കേരളം ഇത്തവണ ആരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. കളിച്ച നാലില്‍ മൂന്നിലും ജയിച്ചിരിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ തോല്‍ക്കാനായി മാത്രം കളത്തിലിറങ്ങിയവര്‍ എങ്ങനെയാണ് ഒരുവര്‍ഷത്തിനിപ്പുറം ഇതുപോലെ മാറിയത്. ഉത്തരം ലളിതമാണ്, ഡേവ് വാട്‌മോര്‍ എന്ന ബുദ്ധിരാക്ഷസന്റെ വരവ് തന്നെ. അതേ കളി പഠിപ്പിച്ച ടീമുകളെയെല്ലാം മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തിയ വാട്‌മോര്‍ കേരളത്തെയും ജയിക്കാന്‍ പഠിപ്പിച്ചിരിക്കുന്നു. ആറുമാസത്തേക്ക് 30 ലക്ഷം രൂപയ്ക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാട്‌മോറുമായി കരാറുണ്ടാക്കിയത്. ഒരു ആഭ്യന്തര ടീമിനെ പരിശീലിപ്പിക്കാന്‍ ഇത്ര വലിയ തുകയോ എന്നു പലരും നെറ്റി ചുളിച്ചു. ഇതിനുമാത്രം എന്തു മാറ്റം വരാനാണെന്ന് പിറുപിറുത്തവരും കുറവല്ല. എന്നാല്‍ ടീമിന്റെ പോരാട്ടവീര്യത്തിലും ഘടനയിലും സമൂല മാറ്റംവരുത്താന്‍ ഈ 63കാരനായി.

ക്രിക്കറ്റിനെ പിന്തുടര്‍ന്നവര്‍ക്കെല്ലാം വാട്‌മോറിനെ അറിയാം. 1996ല്‍ ശിശുക്കളായി വന്ന് ലോകകപ്പുമായി വന്ന ശ്രീലങ്കയുടെ കളിയാശാന്‍. പിന്നീട് ബംഗ്ലാദേശില്‍ ക്രിക്കറ്റ് വിപ്ലവത്തിന് അടിത്തറയിട്ടതേ ഇതേ മനുഷ്യന്‍ തന്നെ. രണ്ടാംവരവിന് സിംബാബ്‌വെയെ പ്രാപ്തരാക്കി. 2007ല്‍ മുതല്‍ പുതിയ പരിശീലകനായി ബിസിസിഐ അന്വേഷണം തുടങ്ങിയപ്പോഴെല്ലാം ആദ്യ പേരുകാരനായിരുന്നു വാട്‌മോര്‍. എന്നാല്‍ അവസാന ചരടുവലിയില്‍ പിന്തള്ളപ്പെട്ടു. 2008ല്‍ വിരാട് കോഹ്‌ലിയുട നേതൃത്വത്തില്‍ ഇന്ത്യന്‍ യുവനിര അണ്ടര്‍ 19 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ പരിശീലകന്‍ വാട്‌മോറായിരുന്നു. അനില്‍ കുംബ്ലെ സ്ഥാനമൊഴിഞ്ഞപ്പോഴും അദേഹത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇത്തവണയും അവഗണിക്കപ്പെട്ടു.

-Advertisement-

കളിക്കാരനെന്ന നിലയില്‍ വാട്‌മോറിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ശ്രീലങ്കയില്‍ ജനിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരമായ വാട്‌മോര്‍ ഏഴ് ടെസ്റ്റുകളും ഒരു ഏകദിനവുമാണു കളിച്ചിട്ടുള്ളത്. ശ്രീലങ്കയ്ക്കും ബംഗ്ലദേശിനും പിന്നാലെ പാക്കിസ്ഥാനെയും സിംബാബ്വെയെയും പരിശീലിപ്പിച്ചിട്ടുള്ള വാട്‌മോര്‍ ചെന്നൈയില്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നുണ്ട്. ഇതിനായുള്ള ചര്‍ച്ചയ്ക്കായി യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോഴാണ് കെസിഎ അദേഹത്തെ സമീപിക്കുന്നതും തലവര മാറ്റാന്‍ കേരളത്തിലേക്കെത്തുന്നതും. ബാക്കിയെല്ലാം ചരിത്രം.