SHARE

വെടിക്കെട്ട്‌ ബാറ്റിംഗിന്റെ ആശാനായ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നു.ഷാർജയിൽ വരുന്ന ഡിസംബറിൽ നടക്കുന്ന ടി10 ക്രിക്കറ്റ് ലീഗിൽ മറാത്ത അറേബ്യൻസ് ടീമിന്റെ ക്യാപ്റ്റനായാണ് വീരുവിന്റെ മടങ്ങി വരവ്.ആറു ടീമുകൾ ഏറ്റ് മുട്ടുന്ന ടി10 ക്രിക്കറ്റ് ലീഗിൽ 10 ഓവർ മത്സരങ്ങളാണ് ഉണ്ടാകുക.സേവാഗിനെക്കൂടാതെ ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാരയും ടീമിലുണ്ട്.മുൻ പാകിസ്ഥാൻ താരം വസീം അക്രമാണ് ടീമിന്റെ മെന്റർ.

നവംബർ അഞ്ചിന് ദുബായിയിൽ നടക്കുന്ന കളികാരുടെ ഡ്രാഫ്റ്റിൽ സേവാഗും അക്രമും പങ്കെടുക്കും സൊഹൈൽ ഖാനാണ് മറാത്ത അറേബ്യൻസ് ടീമിന്റെ ഉടമ.120 കളികാരാണ് താരങ്ങളുടെ ഡ്രാഫ്റ്റിലുണ്ടാവുക.ഡ്രാഫ്റ്റിൽ നിന്ന് ആറു ടീമുകൾക്കും ഇഷ്ടപ്പെടുന്ന കളികാരെ അവരുടെ ഊഴത്തിലൂടെ സ്വന്തമാക്കാം.ഡ്രാഫ്റ്റിൽ ആദ്യ താരത്തെ സ്വന്തമാക്കാനുള്ള അവസരവും സേവാഗിന്റെ ടീമിനാണ്.

ഡിസംബർ 14 മുതൽ 17 വരെയാണ് ടി10 ലീഗ് നടക്കുക.90 മിനുറ്റിൽ തീരുന്ന ടി10 മത്സരങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് ആവേശക്കാഴ്ച്ചയൊരുക്കുമെന്ന് തീർച്ച.മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്,ഷഹിദ് അഫ്രീദി,മിസ്ബാ ഉൾ ഹഖ്,ഇംഗ്ലണ്ട് താരം ഇയാൻ മോർഗൻ തുടങ്ങിയവരാണ് ടി10 ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖ താരങ്ങൾ.