SHARE

2003 വേൾഡ് കപ്പിലെ 30ആം മത്സരം ഡർബനിലെ കിങ്സ്മേഡ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു.സച്ചിൻ തെണ്ടുൽകർ, രാഹുൽ ദ്രാവിഡ്‌ എന്നിവരുടെ അർദ്ധ സെഞ്ച്വറി യുടെ പിൻബലത്തിൽ ഇന്ത്യ ഉയർത്തിയ 251 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങുകയാണ് ഇംഗ്ലണ്ട് ടീം.
കരുത്തുറ്റ അവരുടെ ബാറ്റിംഗ് നിരയെ സംബന്ധിച്ച് ഇന്ത്യ ഉയർത്തിയ സ്കോർ അത്ര വെല്ലുവിളിയൊന്നും ആയിരുന്നില്ല. അവർ അത് അനായാസേന മറികടന്നേക്കും എന്ന് തന്നെ ഡർബനിൽ തടിച്ച് കൂടിയ ഇംഗ്ലണ്ട് ആരാധകർ കണക്ക് കൂട്ടി. എന്നാൽ മൈതാനമധ്യേ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഒരു വൻ ദുരന്തമായിരുന്നു മൈക്കൽ വോണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ പ്രബലമായ ഇംഗ്ലണ്ട് ബാറ്റിങ് നിര ഒന്നടങ്കം ഒരു ഇടം കൈയ്യന്റെ പന്തുകൾക്ക് മുന്നിൽ വട്ടം കറങ്ങി . വോണിനൊപ്പം നാസിർ ഹുസൈൻ, അലക്സ് സ്റ്റുവാർട്ട്, പോൾ കോളിങ്വുഡ് തുടങ്ങിയ പ്രമുഖരെല്ലാം തന്നെ ആ ഇടം കൈയ്യന്റെ പന്തുകൾക്ക് മറുപടി പറയാനാകാതെ ഒന്നിന് പുറകെ ഒന്നായി കൃത്യമായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയെത്തി കൊണ്ടിരുന്നു. ഓരോരുത്തരെ തിരിച്ചയക്കുമ്പോഴും അയാൾ മുഴുവൻ പല്ലുകളും പുറത്ത് കാണിച്ച് കൊണ്ടുള്ള തന്റെ സ്വതസിദ്ധമായ നിറഞ്ഞ പുഞ്ചിരിയോടെ കൂടി ഇരു കൈയ്കളും വിടർത്തി ഒരു എയ്റോപ്ലെയ്ൻ മാതൃകയിൽ തന്റെ സഹതാരങ്ങൾക്കിടയിലൂടെ ഊളിയിട്ടു കൊണ്ടിരുന്നു. പിന്നീടിങ്ങോട്ട് ഒന്നര പതിറ്റാണ്ടോളം കാലം അതേ പുഞ്ചിരി കളിക്കളത്തിൽ തന്റെ ട്രേഡ്മാർക്കായി കാത്തു സൂക്ഷിച്ച ആശിഷ് ദിവാൻസിങ് നെഹ്റ എന്ന ആശിഷ് നെഹ്റ ആയിരുന്നു ആ ബൗളർ.

ഒരു പക്ഷെ ഇക്കാലമത്രയും നാം ആരാധിച്ച് പോന്ന മഹാരഥന്മാരായ ഫാസ്റ്റ് ബൗളേർസിന്റെ പട്ടികയിൽ നിന്ന് ആശിഷ് നെഹ്റ എന്ന ക്രിക്കറ്റർ മാറ്റി നിർത്തപ്പെട്ടേക്കാം, എന്നിരുന്നാലും 1999ൽ മുഹമ്മദ് അസ്ഹറുദീന് കീഴിൽ അരങ്ങേറ്റം കുറിക്കപ്പെട്ടതിന് ശേഷം നീണ്ട 18 വർഷങ്ങൾക്കിടയിൽ പിന്നീട് എത്രയോ തവണ നമ്മൾ ആ സെലിബ്രഷനും അതേ പുഞ്ചിരിയും ആസ്വദിച്ചിരിക്കുന്നു. അസ്ഹറുദീൻ തുടങ്ങി ഗാംഗുലി, ദ്രാവിഡ്, ധോനി ഇപ്പോൾ വിരാട് കോഹ്ലി വരെ ഇത്രയും ക്യാപ്റ്റന്മാർക്ക് കീഴിൽ നീണ്ട 18 വർഷങ്ങൾ തുടർച്ചയായിട്ടല്ലെങ്കിൽ പോലും കളിച്ച് തീർക്കുക എന്ന ഒരു ഫാസ്റ്റ് ബൗളറുടെ നേട്ടത്തെ എങ്ങനെയാണ് വില കുറച്ച് കാണുവാൻ കഴിയുക. ക്രിക്കറ്റ് ലോകത്ത് അയാളൊരു പോരാളി തന്നെയായിരുന്നു ഇത്രയും കാലം അയാൾ പട പൊരുതിയത് എതിർ ടീം ബാറ്റ്സ്മാൻമാരോട് മാത്രമായിരുന്നില്ല തന്റെ ശരീരത്തെ വിടാതെ പിന്തുടരുന്ന പരിക്കുകളോടും കൂടി ആയിരുന്നു, പക്ഷെ ഓരോ തവണ പരിക്കേറ്റ് പിന്മാറുമ്പോഴും പൂർവ്വാധികം ശക്തിയോടെ തന്നെ അദ്ദേഹം തിരിച്ചു വന്നു കൊണ്ടിരുന്നു, 2005 ലെ സിംബാബ്വേ പര്യടനത്തിനിടയിൽ പിടികൂടിയ പരിക്ക് കവർന്നെടുത്തത് അയാളുടെ വിലപ്പെട്ട 4 വർഷങ്ങളായിരുന്നു. 2009ലെ വെസ്റ്റിൻഡീസ് ടൂറിലേക്കുള്ള ടീമിലാണ് നെഹ്റ പിന്നീട് ഇടം പിടിക്കുന്നത്.ആ സീസണിൽ 31 വിക്കറ്റുകളും തൊട്ടടുത്ത വർഷത്തെ സീസണിൽ 28 വിക്കറ്റുകളുമടക്കം തിളങ്ങിയ നെഹ്റയെ തേടി 2011 വേൾഡ് കപ്പ് സ്ക്വാഡിലേക്കുള്ള ക്ഷണവുമെത്തി,
എന്നാൽ സെമി ഫൈനലിൽ പാക്കിസ്ഥാനെതിരെ 2-33 എന്ന മാച്ച് വിന്നിംഗ് സ്പെല്ല് എറിഞ്ഞു തീർക്കാനായെങ്കിലും അതേ മത്സരത്തിൽ ഫീൽഡിംഗിനിടെ വിരലിന് സംഭവിച്ച പരിക്ക് വിലപ്പെട്ട ഫൈനൽ കളിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കി.ഇന്ത്യ കിരീടം ചൂടിയ 2011 വേൾഡ് കപ്പോടെ നെഹ്റ യുഗം അവസാനിച്ചു എന്ന് എല്ലാവരും കരുതി.

എന്നാൽ അയാളിലെ പോരാളി അപ്പോഴും തോൽവി സമ്മതിച്ചിരുന്നില്ല, 2015 ലെ IPL സീസണിൽ മിന്നുന്ന പ്രകടനത്തോടെ നെഹ്റ വീണ്ടും തിരിച്ച് വന്നു.ആ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 22 വിക്കറ്റുകളാണ് ഈ ഇടം കൈയ്യന്റെ പേസർ എറിഞ്ഞിട്ടത്. തുടർന്ന് നടന്ന ആസ്ട്രേലിയൻ ടൂറിലും, ഏഷ്യ കപ്പിലും, 2016 T20 വേൾഡ് കപ്പിലും നെഹ്റ തന്റെ മിന്നുന്ന ഫോം തുടർന്നു.

പരിക്കുകളോടുള്ള പോരാട്ടത്തിനിടെ ഏതാണ്ട് 10 വർഷങ്ങൾക്ക് മുൻപ് തന്നെ ടെസ്റ്റ് കുപ്പായം ഊരി വച്ച നെഹ്റ തുടർന്നിങ്ങോട്ട് ഇത്ര കാലവും തന്റെ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് തന്നെയാണ് കളിക്കളത്തിൽ പിടിച്ച് നിന്നത്. എന്നാൽ തുടങ്ങിയാൽ ഒരിക്കൽ അവസാനിപ്പിക്കേണ്ടത് അനിവാര്യയായതിനാൽ,അതിനാൽ മാത്രം നെഹ്റയ്ക്കും കളിക്കളത്തിൽ നിന്ന് വിട പറയേണ്ടി വന്നു. ഇന്നലെ തന്റെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിൽ ന്യൂസിലാന്റുമായി നടന്ന T20 മൽസരം അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു.ഈ മത്സരത്തോടെ എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച നെഹ്രയുടെ സേവനം ഒരു ബൗളിംഗ് കോച്ച്/ ബൗളിംങ് മെന്റർ എന്ന നിലക്ക് പല ഐപി എൽ ഫ്രാഞ്ചസികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതൊക്കെ അവിടെ നിൽക്കട്ടെ, വിക്കറ്റ് നേടിയാലും, സിക്സർ വഴങ്ങേണ്ടി വന്നാലും, ഫീൽഡർ ക്യാച്ച് കൈവിട്ടാലും മുഴുവൻ പല്ലുകളും പുറത്ത് കാണിച്ചു കൊണ്ടുള്ള ഒരേ നിസംഗഭാവത്തിലുള്ള അദ്ദേഹത്തിന്റെ ഒരു ട്രേഡ്മാർക്ക് ചിരി ഉണ്ടല്ലോ അതൊരിക്കലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോകാൻ ഇടയില്ല, അതു കൊണ്ട് തന്നെയാവും വിരമിക്കലിന് ശേഷം പിറന്നേക്കാവുന്ന അദ്ദേഹത്തിന്റെ ഓട്ടോബയോഗ്രഫിക്ക്
‘My experiments with tooth’
എന്ന പേര് അദ്ദേഹത്തിന്റെ ഒരു ആരാധകൻ ട്വിറ്ററിലൂടെ നിർദ്ദേശിച്ചതും.

വീ വിൽ മിസ്സ് യൂ നെഹ്രാജി…