SHARE

കഴിഞ്ഞ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള കളികാരുടെ താര ലേലം ബാംഗ്ലൂരിൽ നടക്കുന്നു.അത്രയ്ക്കൊന്നും പ്രശസ്തനല്ലാത്ത, അതും 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട ഒരു യുവ ഇന്ത്യൻ ഫാസ്റ്റ് ബോളർക്ക് വേണ്ടി കോടികൾ വാരിയെറിയാൻ ടീമുകൾ തയ്യാറാകുന്ന കാഴ്ച്ച കുറച്ച് പേരെയെങ്കിലും ഞെട്ടിച്ചിരിക്കും.അവസാനം ഹൈദരാബാദ് സ്വദേശിയായ അവനെ 2.60 കോടി എന്ന പൊന്നും വിലയ്ക്ക് ഹൈദരാബാദ് സൺ റൈസേഴ്സ് സ്വന്തമാക്കി.ദാരിദ്ര്യത്തിനോട് പടവെട്ടി തന്റെ കഠിനാധ്വാനത്തിലൂടെ കോടിപതിയായി മാറിയ അവന്റെ പേരു മൊഹമ്മദ് സിറാജ്.

പണ്ട് ക്ലബ്ബ് മത്സരത്തിൽ കളിച്ചപ്പോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന അമ്മാവൻ നൽകിയ 500 രൂപയായിരുന്നു സിറാജിന്റെ ആദ്യ പ്രതിഫലം.നൂറുകളിൽ നിന്ന് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും പിന്നീട് കോടികളിലേക്കും പ്രതിഫലം കുതിച്ചുയർന്നപ്പോളും സിറാജ് തന്റെ വിനയം കൈവിട്ടില്ല.അത് കൊണ്ട് തന്നെ ഐ.പി.എൽ ലേലം കഴിഞ്ഞ് ക്യാമറയും മൈക്കുമായി തന്റടുക്കലേക്ക് ഓടിയെത്തിയ മാധ്യമപ്രവർത്തകരോട് ” ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ല,സന്തോഷം മാത്രം”എന്ന ചെറിയ മറുപടിയിൽ അദ്ദേഹം പറഞ്ഞ് നിർത്തി.

ടെന്നീസ് ബോൾ ക്രിക്കറ്റിലൂടെ കരിയർ തുടങ്ങിയ സിറാജിന്റെ കുട്ടിക്കാലം ഏറെ ദൈന്യതകൾ നിറഞ്ഞതായിരുന്നു.ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അച്ഛന് കിട്ടുന്ന ചെറിയ സമ്പാദ്യം കൊണ്ടായിരുന്നു അവരുടെ കുടുംബം കഴിഞ്ഞ് പോന്നിരുന്നത്.അതിനാൽത്തന്നെ ക്രിക്കറ്റ് അക്കാദമികളിൽപോയി കളി പഠിക്കാനുള്ള അവസരം അവനുണ്ടായിരുന്നില്ല.ക്രിക്കറ്റ് അക്കാദമികളുടെ സ്പൂൺ ഫീഡിലൂടെ മാത്രമേ നല്ലൊരു ക്രിക്കറ്റ് താരമാകൂ എന്ന് കരുതിയിരുന്നവരെ തന്റെ കഠിനാദ്ധ്വാനത്തിലൂടെ തിരുത്താൻ അവന് കഴിഞ്ഞു.

41 വിക്കറ്റുകൾ നേടിയ 2016-17 സീസണിലെ രഞ്ജി ട്രോഫി പ്രകടനമാണ് മൊഹമ്മദ് സിറാജ് എന്ന ഫാസ്റ്റ് ബോളറെ ആദ്യമായി സെലക്ടർമാരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്.തുടർന്ന് ഐ.പി.എല്ലിൽ ഡെൽഹി ഡെയർഡെവിൾസിനെതിരായ അരങ്ങേറ്റത്തിൽ സാം ബില്ലിംഗ്സിന്റെയും സഞ്ചു സാംസണിന്റേയും വിക്കറ്റുകളെടുത്ത് കൊണ്ട് മികച്ച പ്രകടനം.ഐപിഎല്ലിൽ ഹൈദരാബാദ് ടീമിന്റെ കൂടെയുള്ള മത്സരങ്ങളും പരിശീലനങ്ങളും സിറാജിനെ കൂടുതൽ പക്വതയുള്ളൊരു ബോളറാക്കി മാറ്റി.ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ 4 ഓവറുകളിൽ 32 റൺസ് വഴങ്ങി വീഴ്ത്തിയ 4 വിക്കറ്റുകൾ അക്കൗണ്ടിലാക്കിയ സിറാജിന്റെ പ്രകടനം ക്രിക്കറ്റ് ലോകം ആവേശത്തോടെ കണ്ട് നിന്നു.ഐ.പി.എല്ലി ലെ മികച്ച പ്രകടനങ്ങൾക്ക് സഹ താരങ്ങളായ ആശിഷ് നെഹ്രയോടും ഭുവനേശ്വർ കുമാറിനോടും നന്ദി പറയുന്ന സിറാജ് ഇന്ത്യൻ എ ടീമിനു വേണ്ടിയും തന്റെ മികച്ച പ്രകടനം തുടർന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ന്യൂസിലാന്റിനെതിരെയും ഇന്ത്യൻ എ ടീമിന് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ സെലക്ടർമാരുടെ ഫേവറിറ്റാക്കി മാറ്റി.

കർണാടകയെക്കെതിരെയുളള രഞ്ജി ട്രോഫി മത്സരത്തിന് വേണ്ടി നെറ്റ്സിൽ പന്തെറിഞ്ഞ് കൊണ്ടിരിക്കുമ്പോളാണ് ഇന്ത്യൻ ടീമിലേക്ക് വിളി വന്ന കാര്യം സിറാജ് അറിയുന്നത്.”ഒത്തിരി സന്തോഷമുണ്ട്,സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു.കൂടെ നിന്നവർക്ക് നന്ദി” പരിശീലനത്തിനിടെ തന്നെ കാണാൻ വന്ന മാധ്യമസുഹൃത്തുക്കളോട് ഇത്രയും പറഞ്ഞ് അടുത്ത പന്തെറിയാൻ നെറ്റ്സിലേക്ക് നടക്കുന്ന മുഹമ്മദ് സിറാജ് പറയാതെ പറഞ്ഞ ഒരു കാര്യമുണ്ട്.കഠിനാദ്ധ്വാനത്തിന് കീഴ്പ്പെടുത്താനാവാത്തതായി ഒന്നും തന്നെയില്ല.അല്ല അത്‌ തന്നെയാണല്ലോ ഈ ചെറുപ്പക്കാരൻ നമ്മെ പഠിപ്പിച്ച്‌ കൊണ്ടിരിക്കുന്നതും.