SHARE

അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമിന്റെ ജേഴ്‌സി അഡിഡാസ് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ വിവാദവും ഉയര്‍ന്നു കഴിഞ്ഞു. ചുവപ്പും മഞ്ഞയും നീലയും നിറങ്ങളടങ്ങിയ ജേഴ്‌സിയാണ് അഡിഡാസ് തയ്യറാക്കിയിരിക്കുന്നത്.

എന്നാല്‍ ജേഴ്‌സിയില്‍ ഉപയോഗിച്ചിരിക്കുന്ന നീല നിറം കുറച്ച് അകലത്തില്‍ നിന്ന് നോക്കിയാല്‍ പര്‍പ്പിള്‍ നിറമായിട്ടാണ് തോന്നുന്നത്. ഇത് 1930-കളില്‍ സ്‌പെയിനില്‍ രാജഭരണത്തെ തകര്‍ത്ത് അധികാരത്തില്‍ വന്ന റിപ്പബ്ലിക്കന്‍ സര്‍ക്കാരിന്റെ കൊടിയിലുള്ള നിറത്തിന് സമാനമാണെന്ന് ഒരു വിഭാഗം ആരോപിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. പിന്നീട് രാജഭരണം പുനസ്ഥാപിച്ചതോടെ ഈ കൊടി ഉപയോഗിക്കാതെയായി. ഇപ്പോഴും രാജഭരണത്തെ എതിര്‍ക്കുന്നവര്‍ ഉപയോഗിക്കുന്നത് ഈ കൊടിയാണ്.

അടുത്തിടെ കാറ്റലോണിയന്‍ സ്വാതന്ത്രപ്രഖ്യാപനത്തോടെ സ്‌പെയിനില്‍ രാഷ്ടട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ജേഴ്‌സി വിവാദവും. കാറ്റലോണിയന്‍ സ്വാതന്ത്ര്യ വാദത്തിനായുള്ള റാലികള്‍ക്കിടയില്‍ ഈ റിപ്പബ്ലിക്കന്‍ പതാക ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ട്.
അതേസമയം ജേഴ്‌സിയില്‍ യാതോരുവിധ രാഷ്ട്രീയവുമില്ലെന്ന് നിര്‍മ്മാതാക്കളായ അഡിഡാസും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനും പറഞ്ഞു