SHARE

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത കോളിന്‍ മണ്‍റോ പ്രെഫഷണല്‍ ക്രിക്കറ്റിലേക്ക് എത്തപ്പെട്ടത് യാദൃശ്ചികമായിട്ടാണ്. ദക്ഷിണാഫ്രിക്കയിലായിരുന്നു മണ്‍റോയുടെ ജനനം. ക്വസലു നദാല്‍ അണ്ടര്‍ 15 ടീമിന്റെ ഹോക്കി താരമായിരുന്നു. എന്നാല്‍ കുടുംബം ന്യൂസിലന്‍ഡിലേക്ക് ചേക്കേറിയതോടെ ഹോക്കിയെ വിട്ട് ക്രിക്കറ്റിനെ പരിണയിച്ചു.

ഹോക്കി ഉപേക്ഷിച്ച് ക്രിക്കറ്ററാകാന്‍ മണ്‍റോ പറയുന്ന കാരണം അതിലും രസകരമാണ്. ഹോക്കിയില്‍ ധാരാളം ഓടണം. എന്നാല്‍ ക്രിക്കറ്റില്‍ അത്ര ഓടേണ്ടതില്ല. സിക്‌സറുകള്‍ മാത്രം പറത്തുമ്പോള്‍ പ്രത്യേകിച്ചും. കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ സിക്‌സര്‍ കിംഗ് എന്നായിരുന്നു മണ്‍റോയെ വിളിച്ചിരുന്നത്. സിംഗിളുകളെടുക്കാന്‍ മടിയുള്ള ഈ ഇടിവെട്ട് താരം ഇതുവരെ എല്ലാ ഫോര്‍മാറ്റിലുമായി 400 സിക്‌സറുകള്‍ പറത്തിയിട്ടുണ്ട്. മുന്നിലുള്ളത് ക്രിസ് ഗെയ്‌ലും കെയ്‌റണ്‍ പൊളാര്‍ഡും പിന്നെ ബ്രെണ്ടന്‍ മക്കല്ലവും മാത്രം.

ഇനി ന്യൂസിലന്‍ഡിനുവേണ്ടി കളിക്കില്ലെന്ന് ഒരിക്കല്‍ തീരുമാനിച്ചതാണ് മണ്‍റോ. ദേശീയ ടീമില്‍ സ്ഥിരം സ്ഥാനം ലഭിക്കാത്തിനാലായിരുന്നു ഈ ജൂണില്‍ അത്തരത്തിലൊരു തീരുമാനമെടുത്തത്. എന്നാല്‍ കോച്ചും ക്രിക്കറ്റ് ബോര്‍ഡും നിര്‍ബന്ധിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. ന്യൂസിലന്‍ഡ് ടീമിലെ സ്ഥിര സാന്നിധ്യമൊന്നുമായിരുന്നില്ല കോളിന്‍ മുണ്‍റോ. വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ ഇടിവെട്ട് ഇന്നിംഗ്‌സ് കളിച്ചിട്ട് പോകുന്ന താരം. ഈ ഇന്ത്യന്‍ പര്യടനത്തോടെ കിവി നിരയിലെ സ്ഥിരസാന്നിധ്യമാകാമെന്ന പ്രതീക്ഷയിലാണ് മണ്‍റോ.