SHARE

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു മഹേന്ദ്ര സിംഗ് ധോണി. 15 വർഷക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായി നിറഞ്ഞു നിന്ന ധോണി, ഇന്നലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ ധോണിയെക്കുറിച്ച് ഓരോ ക്രിക്കറ്റ് പ്രേമിയും അറിയേണ്ട 10 കാര്യങ്ങൾ ഒന്ന് പരിശോധിക്കാം.

  1. മൂന്ന് ഐസിസി കിരീടങ്ങളും നേടിയിട്ടുള്ള ഏക‌ ക്യാപ്റ്റൻ

മൂന്ന് ഐസിസി കിരീടങ്ങളും നേടിയ ഏക നായകനാണ് ധോണി. 2007 ൽ ടി20 ലോകകപ്പും, 2011 ൽ ഏകദിന ലോകകപ്പും, 2013 ൽ ചാമ്പ്യൻസ് ട്രോഫിയുമാണ് ധോണിക്ക് കീഴിൽ ഇന്ത്യ നേടിയ ഐസിസി കിരീടങ്ങൾ

  1. എല്ലാ ടി20 ലോകകപ്പുകളിലും ക്യാപ്റ്റൻ

ഇത് വരെ നടന്ന എല്ലാ ടി20 ലോകകപ്പുകളിലും ക്യാപ്റ്റനായിട്ടുള്ള ഏക താരമാണ് ധോണി. 2007 മുതൽ 2016 വരെ ആറ് ടി20 ലോകകപ്പുകളിലാണ് ഇന്ത്യയെ ധോണി നയിച്ചത്.

  1. ഒരു ഐപിഎൽ ടീമിനെ എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിച്ച ഏക ക്യാപ്റ്റൻ

10 സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച ധോണി, എല്ലാത്തവണയും ടീമിനെ പ്ലേ ഓഫ് ഘട്ടത്തിലെത്തിച്ചു. ഇതിൽ ഏഴ് തവണ ടീം ഫൈനലിലുമെത്തി. 3 ഐപിഎൽ കിരീട നേട്ടങ്ങൾ ചെന്നൈയ്ക്ക് സമ്മാനിച്ച ധോണിയുടെ കീഴിൽ 4 തവണ അവർ റണ്ണേഴ്സപ്പായി.

  1. അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടം കിട്ടാത്ത ധോണി

ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരമാണ് ധോണി.‌ 2000 ലെ അണ്ടർ 19 ലോകകപ്പിൽ നിർഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതെ പോയത്. അന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്, ധോണിക്ക് മുന്നേ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള അജയ്
രാത്ര

  1. ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏക ഇന്ത്യൻ വിക്കറ്റ് കീപ്പർ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ ഏക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് ധോണി. 2013 ൽ ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ വെച്ചായിരുന്നു ധോണിയുടെ ടെസ്റ്റ് ഇരട്ട സെഞ്ചുറി പിറന്നത്.

  1. ആദ്യ ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റൻ

ചരിത്രത്തിലെ ആദ്യ ടി20 ലോകകപ്പ് കിരീടം ഏറ്റുവാങ്ങാനുള്ള ഭാഗ്യം ലഭിച്ച നായകനും ധോണിയാണ്. 2007 ൽ നടന്ന പ്രഥമ ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ അഞ്ച് റൺസിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.

  1. ആദ്യ ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം

2008 ലെ ആദ്യ എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം ധോണിയായിരുന്നു. അന്ന് 1.8 മില്ല്യൺ മുടക്കിയായിരുന്നു ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. നിലവിൽ 15 കോടി രൂപയാണ് ചെന്നൈയിൽ ധോണിയുടെ പ്രതിഫലം

  1. ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ച ആദ്യ നായകൻ

2009 ൽ ധോണി നായകനായിരിക്കുന്ന‌ സമയത്തായിരുന്നു ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഒന്നാം റാങ്കിലെത്തിയത്.

  1. കായിക ജീവിതം തുടങ്ങിയത് ഗോൾകീപ്പറായി

ഒരു ഫുട്ബോൾ താരമായിരുന്നു കുട്ടിക്കാലത്ത് ധോണി. ഗോൾകീപ്പറാകാൻ ഇഷ്ടപ്പെട്ടിരുന്ന താരത്തെ ക്രിക്കറ്റിലേക്കും വിക്കറ്റ് കീപ്പിംഗിലേക്കും വഴി മാറ്റി നടത്തിയത് അദ്ദേഹത്തിന്റെ സ്കൂൾ ടീം പരിശീലകൻ

  1. നൂറിലധികം ഐപിഎൽ വിജയങ്ങൾ നേടിയിട്ടുള്ള ഏക ക്യാപ്റ്റൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ നൂറിലധികം വിജയങ്ങൾ നേടിയിട്ടുള്ള ഏക ക്യാപ്റ്റനാണ് ധോണി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻ നായകനായിരുന്ന ഗൗതം ഗംഭീറാണ് ഇക്കാര്യത്തിൽ രണ്ടാമത് (71 വിജയങ്ങൾ).