SHARE

ലോകഫുട്ബോളിൽ കുറേ നാളുകളായി ഉയരുന്ന ചോദ്യങ്ങളിലൊന്നാണ് ലാ ലി​ഗയാണോ പ്രീമിയർ ലീ​ഗാണോ മികച്ചത് എന്നത്. ഇരു ലീ​ഗുകളുടേയും ആരാധകർ വാശിയോടെ തങ്ങളുടെ ഇഷ്ട ലീ​ഗിനായി വാദിക്കുന്നത് ഈ പോരിനെ എപ്പോഴും ചൂടുപിടിപ്പിക്കും. ലോകകപ്പിന്റെ സമയത്തും ഈ ലീ​ഗ് ചേരിപ്പോര് കടന്നുവരും. അവിടെ മികവാറും വിജയം ലാ ലി​ഗയ്ക്കായിരിക്കും

ഇക്കുറിയും പതിവിന് മാറ്റമൊന്നുമില്ല. ഞായറാഴ്ച ഫ്രാൻസും ക്രൊയേഷ്യയും ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ഇരുടീമുകളിലുമായി ഏറ്റവുമധികം കളിക്കാരുള്ളത് സ്പെയിനിൽ നിന്നാണ്. പത്ത് കളിക്കാരാണ് ഇരു ടീമുകളിൽ നിന്നുള്ള ലാ ലി​ഗ താരങ്ങൾ. ബാഴ്സലോണയിൽ കളിക്കുന്ന സാമുവൽ ഉംറ്റിറ്റി, ഓസ്മൻ ഡെംബെല, ഇവാൻ റാക്കിറ്റിച്ച്, റയൽ മഡ്രിഡിൽ കളിക്കുന്ന റാഫേൽ വരാൻ, ലൂക്കാ മോഡ്രിച്ച്, മത്തേവു കോവാക്കിച്ച് , അത്ലെറ്റിക്കോ മഡ്രിഡിന്റെ സിമെ വ്രസാൽക്കോ, തിയോ ഹെർണാണ്ടസ്, അന്റോയിൻ ​ഗ്രീസ്മൻ, സെവിയയുടെ ഫ്രഞ്ച് താരം സ്റ്റീവൻ എൻസോസി എന്നിവരാണ് ലാ ലി​ഗ പ്രതിനിധികൾ.

ഫ്രഞ്ച് ലീ​ഗിൽ കളിക്കുന്ന ഒമ്പത് താരങ്ങളും ഇറ്റാലിയൻ ലീ​ഗിൽ കളിക്കുന്ന ഏഴ് താരങ്ങളുമാണ് ഫൈനലിൽ ഇരുടീമുകളിലുമായുള്ളത്. ഇ​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിന്ന് ആറ് കളിക്കാരാണ് കലാശപ്പോരിനുള്ളത്. ഇതിൽ അഞ്ചും ഫ്രഞ്ച് ടീമിലാണ്. ലിവർപൂളിന്റെ ദെജാൻ ലോവ്റൻ മാത്രമാണ് ക്രൊയേഷ്യയുടെ പ്രതിനിധി. സെമിയിൽ ബെൽജിയവും ഇ​​ഗ്ലണ്ടും തോറ്റ് പുറത്തായതോടെയാണ് നേരത്തെ ഇ​ഗ്ലീഷ് പ്രീമിയർ ലീ​ഗിനുണ്ടായിരുന്ന ആധിപത്യം നഷ്ടമായത്.