SHARE

ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്റ്റാര്‍ നെറ്റ്‌വര്‍ക്കാണ് ഐ പി എല്‍ സംപ്രേക്ഷണം ചെയ്യുന്നത്. വ്യത്യസ്തയാര്‍ന്ന പരിപാടികളുമായി സ്റ്റാര്‍ ഐ പി എല്‍ ആവേശം കൊഴുപ്പിക്കുകയാണ്. താരലേലത്തിനൊപ്പം ചരിത്രത്തിലാദ്യമായി താരങ്ങളെ നിലനിര്‍ത്തുന്ന പരിപാടിയും സ്റ്റാര്‍ സംപ്രേക്ഷണം ചെയ്തു.

ആരാധകര്‍ക്ക് ആവേശമായി ഇത്തവണ ഐ പി എല്‍ മത്സരങ്ങളുടെ കമന്ററി ബോക്‌സിലും താരപ്പകിട്ടേറും. ആറു ഭാഷകളിലായി 100 കമന്റേറ്റര്‍മാരാണ് ഇത്തവണ ഐ പി എല്ലിനുള്ളത്. പ്രധാന സംപ്രേക്ഷണങ്ങള്‍ക്കായി 24 പേരാണുള്ളത്. ഇതില്‍ മാത്യൂ ഹെയ്ഡന്‍, ബ്രെറ്റ് ലീ, കെവിന്‍ പീറ്റേഴ്‌സണ്‍, മൈക്കല്‍ ക്ലര്‍ക്ക്, നാസര്‍ ഹുസൈന്‍, മൈക്കന്‍ വോണ്‍, ഗ്രെയിം സ്മിത്ത്, സുനില്‍ ഗവാസ്‌കര്‍, ഡാനി മോറിസണ്‍ തുടങ്ങിയ പ്രമുഖരാണ് ഇടംപിടിച്ചിട്ടുള്ളത്. ഹര്‍ഷ ഭോഗ്ലെയാണ് ഈ പട്ടികയിലുള്ള ക്രിക്കറ്റ് താരമല്ലാത്ത ഏക വ്യക്തി. നാലു വനിതാ ക്രിക്കറ്റ് താരങ്ങളും ഇത്തവണ കമന്ററി ബോക്‌സിലുണ്ടാവും. ലിസ സ്തലേക്കര്‍, മെലാനി ജോണ്‍സ്, അഞ്ജും ചോപ്ര, ഇസ ഗുഹ എന്നിവരാണ് പട്ടികയിലുള്ള വനിതാ ക്രിക്കറ്റ് താരങ്ങള്‍.

ആറു ഭാഷകളിലായി പത്തു ചാനലുകളില്‍ ഐ പി എല്‍ സംപ്രേക്ഷണം നടത്താനാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആലോചിക്കുന്നത്. ഇതുവഴി 700 മില്യണ്‍ കാഴ്ച്ചക്കാരെ ഐ പി എല്ലിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റാര്‍. ഒപ്പം ഹോട്‌സ്റ്റാറിലൂടെയാണ് ആരാധകര്‍ക്ക് കളി ആസ്വദിക്കാം. ഏപ്രില്‍ ഏഴിന് മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ചെന്നൈ-മുംബൈ പോരാട്ടത്തോടെയാണ് ഐ പി എല്ലിന് തുടക്കം കുറിക്കുന്നത്.