SHARE

ഐ-ലീ​ഗിന്റെ 2022-23 സീസണിൽ പതിനൊന്ന് ടീമുകളെ പങ്കെടുക്കു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഐ-ലീ​ഗ് സിഇഓ സുനന്ദോ ധർ ആണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചത്. ഒക്ടബോർ 29-ന് ഐ-ലീ​ഗ് സീസൺ തുടങ്ങുമെന്നാണ് സൂചന.

കഴിഞ്ഞ സീസണിൽ 13 ടീമുകളാണ് ഐ-ലീ​ഗിൽ കളിച്ചത്. ഇതിൽ കെൻക്രെ തംരതാഴ്ത്തപ്പെട്ടു. ഇതിനുപുറമെ ഇന്ത്യൻ യുവതാരങ്ങൾ മാത്രം കളിച്ചിരുന്ന ഇന്ത്യൻ ആരോസിനെ പിരിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് ടീമുകളുടെ എണ്ണം പതിനൊന്നായി കുറഞ്ഞത്. ഇക്കുറി ഐ-ലീ​ഗ് രണ്ടാം ഡിവിഷൻ നടക്കാത്തതിനാൽ പുതിയ ടീമുകൾക്കൊന്നും സ്ഥാനക്കയറ്റം ലഭിച്ചില്ല. അവസാന നിമിഷം കോർപ്പറേറ്റ് എൻട്രിക്കായി ഒരു സംഘം ശ്രമം നടത്തിയെന്നും, എന്നാൽ പതിനൊന്ന് ടീം മതിയെന്ന് ഒടുവിൽ തീരുമാനിക്കുകയായിരുന്നുവെന്നും ധർ പറഞ്ഞു.

നിലവിലെ ചാമ്പ്യന്മാരായ ​ഗോകുലം കേരള, മൊഹമ്മദൻ എസ്‌‌സി, ശ്രീനിധി ഡെക്കാൻ, ചർച്ചിൽ ബ്രദേഴ്സ്, രാജസ്ഥാൻ യുണൈറ്റഡ്, ഐസോൾ എഫ്സി, നെറോക്ക, പഞ്ചാബ് എഫ്സി, റയൽ കശ്മീർ, ട്രാവു, സുദേവ ഡെൽഹി എന്നിവരാണ് ഇക്കുറി ഐ-ലീ​ഗ് കളിക്കുക. ഇക്കുറി ഐ-ലീ​ഗ് ജയിക്കുന്നവർക്ക് അടുത്ത തവണ ഐഎസ്എല്ലിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കും.