SHARE

2019-20 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് സംഘത്തിലുണ്ടായിരുന്ന 12 താരങ്ങൾ പുതിയ സീസണ് മുന്നോടിയായി ക്ലബ്ബ് വിട്ടു. ഇന്നലെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ക്ലബ്ബ് വിട്ട താരങ്ങൾക്ക് ആശംസകൾ നേർന്നു. 6 വിദേശ താരങ്ങളും 6 ഇന്ത്യൻ താരങ്ങളുമാണ് ക്ലബ്ബ് വിട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ തിളങ്ങിയ മെസി ബൗളിയാണ് ക്ലബ്ബ് വിട്ട വിദേശ താരങ്ങളിൽ പ്രധാനി. മാരിയോ ആർക്കസ്, മുസ്തഫ ഞിംഗ്, ജൈറോ റൊഡ്രീഗസ്, വ്ലാറ്റ്കോ ഡ്രോബറോവ്, ജിയാനി സ്യൂവർലൂൺ എന്നിവരാണ് ഇക്കുറി ടീമിൽ നിന്ന് പോകുന്ന മറ്റു വിദേശ താരങ്ങൾ.

അതേ സമയം മലയാളി സൂപ്പർ താരം മൊഹമ്മദ് റാഫിയാണ് ഇത്തവണ ക്ലബ്ബ് വിടുന്ന ഇന്ത്യൻ താരങ്ങളിലെ ശ്രദ്ധേയ താരം. പോയ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലെ പതിവു മുഖമായിരുന്ന മൊഹമ്മദ് റാക്കിപ്പും ക്ലബ്ബ് വിടുന്ന കൂട്ടത്തിലുണ്ട്. ഇവർക്ക് പുറമേ, പ്രിതം സിംഗ്, സാമുവൽ, ഡാരൻ കാൽഡെയ്റ, രാജു ഗെയിക്ക്വാദ് എന്നിവരാണ് ക്ലബ്ബിൽ നിന്ന് പോകുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.