SHARE

കോവിഡ് ഭീതിയും, വ്യക്തിപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് പി‌ന്മാറി 12 വെസ്റ്റിൻഡീസ് താരങ്ങൾ‌. വെസ്റ്റിൻഡീസിന്റെ ടെസ്റ്റ് ടീം നായകൻ ജേസൺ ഹോൾഡർ, ഏകദിന ടീം നായകൻ കീറൺ പൊള്ളാർഡ്, സീനിയർ താരം ഡാരൻ ബ്രാവോ എന്നിവരും പിന്മാറ്റം പ്രഖ്യാപിച്ചവരിലുണ്ട്. ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് ബോർഡിനെ അറിയിച്ച 12 താരങ്ങളില്ലാതെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് വെസ്റ്റിൻഡീസ് ഈ പര്യടനത്തിനുള്ള തങ്ങളുടെ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചു.

ജേസൺ ഹോൾഡർ, കീറൺ പൊള്ളാർഡ്, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്സ്, റോസ്റ്റൺ ചേസ്, ഷെൽഡൺ കോട്രൽ, എവിൻ ലെവിസ്, ഷായ് ഹോപ്പ്, ഷിംറോൺ ഹെറ്റ്മെയർ, നിക്കോളാസ് പുറാൻ എന്നിവരാണ് ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് വിട്ടു നിൽക്കുന്ന വിൻഡീസ് താരങ്ങൾ.

ജേസൺ ഹോൾഡറിന്റെ അഭാവത്തിൽ ക്രൈഗ് ബ്രാത്ത് വൈറ്റ് ടെസ്റ്റ് ടീമിനേയും, കീറൺ പൊള്ളാർഡിന്റെ അഭാവത്തിൽ ജേസൺ മുഹമ്മദ് ഏകദിന ടീമിനേയും ബംഗ്ലാദേശിനെതിരായ പരമ്പരയിൽ നയിക്കും. ജനുവരി 20 ന് ആരംഭിക്കുന്ന വിൻഡീസ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിൽ 3 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്.