കൊല്ലത്ത് നിന്നുള്ള 14കാരനായ താരം മണികണ്ഠനെ റയല്‍ മഡ്രിഡ് ഒരു മാസത്തെ പരിശീലന ക്യാമ്പിന് വേണ്ടി സാന്റിയാഗോ ബെര്ണബ്യൂവിലെത്തിക്കുന്നു. ജൂനിയര്‍ താരങ്ങളുടെ ഐ ലീഗ് ക്യാമ്പില്‍ വെച്ചാണ് താരത്തിന്റെ കളിയില്‍ വിദേശ പരിശീലകര്‍ക്ക് താല്‍പ്പര്യം തോന്നുന്നത്. ചെന്നൈ പ്രൊഫഷണല്‍ ഫുട്ബോള്‍ അക്കാദമിയിലൂടെയാണ് താരം ഐ ലീഗ് ക്യാമ്പിനെത്തുന്നത്.
ഓച്ചിറ അമ്പലത്തിന് സമീപം തെരുവില്‍ നിന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസ് അംഗങ്ങള്‍ കണ്ടെടുത്ത മണികണ്ഠന് കഴിഞ്ഞ ഏഴു വര്‍ഷമായി ഗവണ്മെന്റ് ശിശു സംരക്ഷണ ഭവനത്തില്‍ കഴിയുകയായിരുന്നു. സംരക്ഷണ ഭവന് അധികൃതര്‍ മണികണ്ഠന്റെ പ്രതിഭ കണ്ടെത്തുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുകയായിരുന്നു.
“കോച്ചും ശിശുഭവന് സുപ്രണ്ടും എനിക്ക് നല്ല പരിശീലനം നല്കി. ഇവിടെ നിന്ന് ഞങ്ങള്‍ എട്ടുപേരാണ് ക്യാമ്പിന് പോയത്, അതില്‍ രണ്ടുപേരാണ് തെരഞ്ഞെടുക്കപ്പെട്ടത്, അതില്‍ ഒന്നു ഞാനാണ്’ – സെന്‍ട്രല്‍ ഡിഫന്‍ഡറായ മണികണ്ഠന് പറഞ്ഞു. ഇഷ്ട ഫുട്ബോളര് ആരാണെന്ന് ചോദിച്ചപ്പോള്‍ നിഷ്കളങ്കമായി മണികണ്ഠന് പറഞ്ഞു: ലയണല്‍ മെസ്സി…..