SHARE

കോവിഡിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ജർമനിയിലെ ബുന്ദസ്ലി​ഗ മത്സരങ്ങൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചു. ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനമില്ലായിരുന്നെങ്കിലും യൂറോപ്പിൽ പുനരാരംഭിക്കുന്ന ആദ്യ പ്രധാന ലീ​ഗാണ് ജർമനിയിലേത്. എന്നാൽ മത്സരങ്ങൾ പുനരാരംഭിക്കും മുമ്പേ വിദ​ഗ്ദർ പങ്കുവച്ച ഒരു ആശങ്ക താരങ്ങൾക്കേൽക്കാനിരിക്കുന്ന പരുക്കിനെക്കുറിച്ചായിരുന്നു. ഇത് അതുപേലെ സംഭവിച്ചിരിക്കുകയാണ്.

ജർമനിയിലെ ഒന്നാം ഡിവിഷനായ ബുന്ദസ്‌ലി​ഗയും, രണ്ടാം ഡിവിഷനായ ബുന്ദസ്ലി​ഗ 2-ും ആണ് പുനരാരംഭിച്ചത്. ആദ്യ ആഴ്ചത്തെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇതിൽ 14 താരങ്ങൾക്കാണ് പരുക്കേറ്റത്. ഇതിൽ 12 പേരും ഒന്നാം ഡിവിഷനിൽ കളിക്കുന്ന താരങ്ങളാണ്. ജിയോവാനി റെയ്ന, തോർ​ഗൻ ഹസാർഡ് എന്നി താരങ്ങളാണ് സൂപ്പർ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് പരുക്കേറ്റത്. ഹോഫൻ ഫെയിമിന്റേയും രണ്ട് താരങ്ങൾക്ക് പരുക്കേറ്റു. ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിന്റെ മാർക്കസ് തുറാം ഷാൽക്കെയുടെ ജീൻ ക്ലയർ ടോഡിബോ തുടങ്ങിയവരും പരുക്കേറ്റ പ്രമുഖരിൽ പെടുന്നു

താരങ്ങൾക്ക് കൂടുതലായും നേരിട്ടിരക്കുന്നത് പേശീസംബന്ധമായ പരുക്കുകളാണ്. നേരത്തെ സീസൺ തുടങ്ങും മുമ്പ് പരിശീലനത്തിനിടെ ഈ ആശങ്ക ഉയർന്നിരുന്നു ഇതോടെയാണ് പുനരാരംഭിക്കുന്ന ലീ​ഗുകളിലെല്ലാം പകരക്കാരായി അഞ്ച് താരങ്ങളെ വരെ ഇറക്കാൻ ഫിഫ ക്ലബുകൾക്ക് അനുമതി നൽകിയത്. എന്നാൽ ജർമനിയിൽ ആദ്യ ആഴ്ചയിൽ ഇത്രയും പരുക്ക് റിപ്പോർട്ട് ചെയ്തത് ഫുട്ബോൾ ലോകത്തിന് ആശങ്ക പകരുകയാണ്.