SHARE

ജമ്മുകാശ്മീരിന്റെ പതിനേഴുകാരൻ പേസർ റസിഖ് സലാമിനെ ഐപിഎൽ ട്രയൽസിന് വിളിച്ച് മുംബൈ ഇന്ത്യൻസ്. അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ഇന്ത്യൻ യുവപ്രതിഭകളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് റസിഖ് സലാമിനെ മുംബൈ തങ്ങളുടെ ട്രയൽസിന് ക്ഷണിച്ചിരിക്കുന്നത്. നാളെ ട്രയൽസ് സെഷൻ നടക്കുമെന്നാണ് റിപ്പോർട്ട്.

ഈ വർഷത്തെ വിജയ്ഹസാരെ ട്രോഫിയിൽ ജമ്മു കാശ്മീരിനായി 2 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. വിജയ്ഹസാരെയിൽ റസിഖ് കാഴ്ച വെച്ച ബോളിംഗ് പ്രകടനം ശ്രദ്ധയിൽപ്പെട്ട മുംബൈ ടീം, പ്രധാനമായും അതിന്റെ അടിസ്ഥാനത്തിലേക്കാണ് സെലക്ഷൻ ട്രയൽസിലേക്ക് കൗമാര താരത്തെ ക്ഷണിച്ചത്.

അടുത്ത സീസൺ ഐപിഎല്ലിനുള്ള മുംബൈ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഐപിഎൽ കരാർ ലഭിക്കുന്ന മൂന്നാമത്തെ ജമ്മു കാശ്മീർ താരമായും റസിഖ് മാറും. ഓൾറൗണ്ടർ പർവേസ് റസൂലും, മൻസൂർ ദാറുമാണ് ഇതിന് മുൻപ് ഐപിഎൽ ടീമുകളുമായി കരാറിലെത്തിയ ജമ്മുകാശ്മീർ താരങ്ങൾ.