SHARE

തങ്ങളുടെ 18 ബോളർമാർ ഈയാഴ്ച ക്രിക്കറ്റ് പരിശീലനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. രാജ്യത്ത് ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്റെ ആദ്യ പടിയെന്നോണം താരങ്ങളെ പരിശീലനത്തിന് വിളിച്ച കാര്യം കഴിഞ്ഞ‌ദിവസമാണ് ഇംഗ്ലണ്ട് ബോർഡ് പുറത്ത് വിട്ടത്. എന്നാൽ പരിശീലനം പുനരാരംഭിക്കുന്ന താരങ്ങൾ‌ ആരൊക്കെയെന്ന വിവരം അവർ വ്യക്തമാക്കിയിട്ടില്ല. കോവിഡ് 19 നെത്തുടർന്ന് തടസപ്പെട്ട ക്രിക്കറ്റ് പരിശീലനം പുനരാരംഭിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇംഗ്ലണ്ട്.

പരിശീലനം പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ ബോളർമാരാണ് മൈതാനങ്ങളിലേക്ക് തിരിച്ചെത്തുക. ബോളർമാരുടെ ആദ്യ സംഘം ഇന്ന് നെറ്റ്സ് പരിശീലനം നടത്തും. രണ്ടാം സംഘത്തിന്റെ പരിശീലനം വെള്ളിയാഴ്ചയാണ് നടക്കുക. ജൂൺ ഒന്നാം തീയതി ബാറ്റ്സ്മാന്മാരും, വിക്കറ്റ് കീപ്പർമാരും പരിശീലനം പുനരാരംഭിക്കുമെന്നും വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. പരിശീലനത്തിനിടെ താരങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ടീം ഫിസിയോയ്ക്ക് ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം കൊറോണയുടെ പശ്ചാത്തലത്തിൽ ഓരോ ബോളർമാരും അവരുടെ‌ സ്വന്തം പന്തുകളിലായിരിക്കും പരിശീലനം നടത്തുക.