SHARE

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ രണ്ടിലധികം മാറ്റങ്ങൾക്ക് സാധ്യത. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവർ ടെസ്റ്റ് പരമ്പരയിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു‌. ടീമിന്റെ സ്റ്റാർ പേസറായ ജസ്പ്രിത് ബുംറയും നാളെ ആരംഭിക്കുന്ന മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണെന്നും, ടോസിന് തൊട്ടു മുൻപ് മാത്രമേ ബുംറ കളിക്കുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് അന്തിമ തീരുമാനമെടുക്കൂ എന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

രവീന്ദ്ര ജഡേജയ്ക്ക് പകരം ഷർദുൽ താക്കൂറും, ഹനുമ വിഹാരിക്ക് പകരം മയങ്ക് അഗർവാളും നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.‌ ഈ മത്സരത്തിൽ ജസ്പ്രിത് ബുംറയ്ക്ക് കളിക്കാനായില്ലെങ്കിൽ, ടി നടരാജൻ/വാഷിംഗ്ടൺസുന്ദർ എന്നിവരിലൊരാളാകും പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കുക.

ഹനുമ വിഹാരിക്ക് പകരം ടീമിലെത്തുമെന്ന് കരുതപ്പെടുന്ന മയങ്ക് അഗർവാളിനെയും പരിക്ക് അലട്ടുന്നുണ്ടെന്നത് ടീമിന് വലിയ ആശങ്ക സമ്മാനിക്കുന്ന കാര്യമാണ്. പുറം വേദന അലട്ടുന്ന രവിചന്ദ്രൻ അശ്വിനും, വിരലിന് പരിക്കേറ്റ ചേതേശ്വർ പുജാരയും വേദന സംഹാരികളുടെ സഹായത്തോടെയാണ് നിലവിൽ പരിശീലനം നടത്തുന്നതെന്നാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ സാധ്യതാ ഇലവൻ ഇങ്ങനെ – ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, മയങ്ക് അഗർവാൾ/വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ഷർദുൽ താക്കൂർ, രവിചന്ദ്രൻ അശ്വിൻ, ടി നടരാജൻ/വാഷിംഗ്ടൺസുന്ദർ, മൊഹമ്മദ് സിറാജ്, നവ്ദീപ് സൈനി.