SHARE

ടി20 യുടെ വരവോടെ കുറഞ്ഞ ബോളുകളിൽ സെഞ്ചുറി നേടുന്നത് ക്രിക്കറ്റിൽ പതിവായിരിക്കുന്നു. നാൽപ്പതിൽ താഴെ പന്തുകളിൽ താരങ്ങൾ സെഞ്ചുറി നേടുന്നത് ഈയടുത്ത കാലത്ത് തന്നെ പല തവണ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ ഇതിനെയൊക്കെ വെല്ലുന്ന ബാറ്റിംഗ് വെടിക്കെട്ട് നടത്തി ശതകം തികച്ചിരിക്കുകയാണ് ഇന്ത്യൻടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ.

കൊൽക്കത്തയിൽ ഇന്ന് നടന്ന ജെ.സി മുഖർജി ട്രോഫി മത്സരത്തിൽ മോഹൻ ബഗാൻ ടീമിന് വേണ്ടി കളിച്ച സാഹ സെഞ്ചുറി നേടിയത് വെറും 20 പന്തുകളിൽ. 14 സിക്സറുകളും 4 ബൗണ്ടറികളുമാണ് ഈ റെക്കോർഡ് പ്രകടനത്തിൽ സാഹ അടിച്ചെടുത്തത്. 510 എന്ന മാരകപ്രഹരശേഷിയിലായിരുന്നു താരത്തിന്റെ ഞെട്ടിക്കുന്ന സെഞ്ചുറി. സാഹയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻ ബലത്തിൽ എതിരാളികളായ ബി.എൻ.ആർ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം കേവലം ഏഴ് ഓവറുകളിൽ മോഹൻ ബഗാൻ മറികടന്നു.

ഇന്ത്യൻ താരത്തിന്റെ ഈ മാസ്മരിക പ്രകടനത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഏപ്രിൽ ഏഴിന് പതിനൊന്നാംഎഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാനിരിക്കെയാണ് സാഹയുടെ ഈ വെടിക്കെട്ട് സെഞ്ചുറി പിറന്നിരിക്കുന്നത്. ഈ സീസണിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ താരമായ സാഹ മാരക ഫോമിലെത്തിയത് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് ഹൈദരാബാദ് ആരാധകരെയാണ്.