SHARE

2028 ൽ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റിനെ യും ഉൾപ്പെടുത്താനുള്ള ശ്രമവുമായി ഐസിസി. ഐസിസി യുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായ മനു സാഹ്നി ഇതിന് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞതായും, ഏത് വിധേനയും ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള പദ്ധതികളാണ് അദ്ദേഹത്തിനുള്ളതെന്നും, മുൻ ഇംഗ്ലണ്ട് താരവും, എംസിസി വേൾഡ് ക്രിക്കറ്റ് കമ്മറ്റി ചെയർമാനുമായ മൈക്ക് ഗാറ്റിങ്ങാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം താൻ സാഹ്നിയുമായി സംസാരിച്ചെന്നും, 2028 ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ എത്തിക്കാമെന്നുള്ള തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് അദ്ദേഹമെന്നും കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെയാണ് മൈക്ക് ഗാറ്റിങ്ങ് വെളിപ്പെടുത്തിയത്. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഒളിമ്പിക്സിന് വേണ്ടി രണ്ടാഴ്ചത്തെ ക്രിക്കറ്റ് ഷെഡ്യൂളുകൾ ക്രോഡീകരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഒളിമ്പിക്സിൽ ഉൾപ്പെടാൻ കഴിഞ്ഞാൽ അത് ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്നും ഗാറ്റിങ്ങ് കൂട്ടിച്ചേർത്തു.

അതേ സമയം 2022 ൽ നടക്കാനിരിക്കുന്ന കോമൺ വെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റും ഒരു മത്സരയിനമാണ്. വലിയ കായിക വേദികളിൽ എത്തുന്നതോടെ ക്രിക്കറ്റിന് കൂടുതൽ പ്രചാരം ലഭിക്കുമെന്നാണ് ഇപ്പോൾ ഐസിസി‌ കരുതുന്നത്. കഴിഞ്ഞയിടയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും, ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി‌ സംസാരിച്ച് രംഗത്തെത്തിയിരുന്നു.