SHARE

ഈ വർഷം ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ വെച്ച് നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ വിജയം നേടാൻ ഇന്ത്യയ്ക്ക് മികച്ച സാധ്യതകളാണുള്ളതെന്ന് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ട് വളരെ ശക്തമായ ടീമാണെന്നും അവരുടെ ബോളിംഗ് നിര വളരെ മികച്ചതാണെന്നും ചൂണ്ടിക്കാട്ടുന്ന ദ്രാവിഡ് എന്നാൽ കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം ‌മികച്ച തയ്യാറെടുപ്പുകൾക്ക് ശേഷമായിരിക്കും ഇംഗ്ല‌ണ്ടിലെത്തുകയെന്നും കൂട്ടിച്ചേർത്തു.‌ കോവിഡ് 19 ബാധിതരായവരെ സഹായിക്കാനുള്ള‌ ട്രസ്റ്റായ ലൈവ് എയിഡ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെയായിരുന്നു ദ്രാവിഡ് ഇക്കാര്യത്തിൽ മനസ് തുറന്നത്.

“ഇന്ത്യ ഈ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നടത്തുമെന്ന് ഞാൻ കരുതുന്നു. ഓസ്ട്രേലിയൻ പരമ്പരയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസം അവർക്കൊപ്പമുണ്ടാകും. അവരുടെ നിരവധി താരങ്ങൾ മുൻപ് ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. അവിടെ കളിച്ച് പരിചയസമ്പത്തുള്ള താരങ്ങൾ ഒപ്പമുള്ളതിനാൽ ഇത് ടീം ഇന്ത്യക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമായിരിക്കും. ഒരു പക്ഷേ ഇന്ത്യ 3-2 ന് പരമ്പര സ്വന്തമാക്കും.”

“ഇന്ത്യ ഇക്കുറി ഇംഗ്ലണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാൻ കരുതുന്നു‌. ഇത് നമുക്ക് ലഭിച്ച സുവർണാവസരമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് ഒരു മാസത്തെ സമയമുണ്ട്. ഈ സമയം ഇന്ത്യയ്ക്ക് പരിശീലനം നടത്താനാകും. മുന്നൊരുക്കത്തിനായി ഇത്രയും സമയം ഒരു ടീമിനും, ഒരു പരമ്പരയ്ക്ക് മുൻപും ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത് ടീമിന് വലിയൊരു മുൻ തൂക്കം നൽകുന്നുണ്ട്.” ദ്രാവിഡ് പറഞ്ഞു നിർത്തി.